സംസ്ഥാന സര്‍ക്കാര്‍ അനുമതിയും കാത്ത് ജില്ലാ പഞ്ചായത്തിന്റെ സ്‌കൂള്‍ ബസ് പദ്ധതി

നഹാസ് എം നിസ്താര്‍

മലപ്പുറം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്‌കൂളുകള്‍ക്കുള്ള ബസ് വിതരണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കാക്കുരുക്ക്. ജില്ലാ പഞ്ചായത്ത് അഞ്ച് കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വാങ്ങുന്ന ബസ്സുകള്‍ സ്‌കൂളുകള്‍ക്ക് നല്‍ക്കുമ്പോള്‍ ആരാണ് ആ ബസ്സുകളുടെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വം ഏല്‍ക്കുക എന്ന ആശങ്ക തീര്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് പദ്ധതിക്ക് കുരുക്കായത്. 15 ലക്ഷം രൂപ വീതം 35 സ്‌കൂളുകള്‍ക്ക് ബസ് വാങ്ങിക്കാന്‍ നല്‍കുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണി കൂടി പരിഗണിക്കുമെങ്കിലേ പദ്ധതി നടപ്പാക്കാവു എന്നാണ് സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് നല്‍കിയ കത്തിലെ ഉള്ളടക്കം. അതേസമയം, സംസ്ഥാനത്ത് മുഴുവന്‍ എംഎല്‍എമാരും ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് യധേഷ്ടം ബസ്സുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ അതാത് സ്‌കൂള്‍ പിടിഎകളാണ് നോക്കുന്നത്. എന്നാല്‍, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് മാത്രമായി സര്‍ക്കാരിന്റെ ആശങ്ക തീരാത്തത് നിരവധി സ്‌കൂളുകളുടെ സ്വന്തമായി ബസ്സെന്ന സ്വപ്‌നത്തെയാണ് ഇല്ലാതെയാക്കിയത്. മലപ്പുറം ജില്ലയിലെ മുപ്പത്തഞ്ച് ഡിവിഷനുകളിലായി മുപ്പത്തഞ്ച് സ്‌കൂളുകളുടെ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമാക്കാനാണു പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങേണ്ട പദ്ധതി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇല്ലാത്തതിനാല്‍ മാസങ്ങളോളം നീണ്ടുപോയിരുന്നു. പുതിയ വിദ്യാഭ്യാസ ഓഫിസര്‍ വന്നതോടെയാണ് പുതിയ കുരുക്ക് തുടങ്ങിയത്. നേരത്തെ ബസ് ലഭിക്കും എന്ന ഉറപ്പിന്‍മേല്‍ ജില്ലയിലെ പല സ്‌കൂളിലും നിലവിലുള്ള പഴയ ബസ്സുകള്‍ അറ്റകുറ്റപ്പണിക്ക് ഹാജരാക്കാനായിട്ടില്ല. പുതിയ ബസ്സ് കിട്ടുമെങ്കില്‍ പഴയ ബസ്സുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍, പല സ്‌കൂളിലും ഡിസംബര്‍ 31 നകം ബസുകള്‍ ഫിറ്റ്‌നസിനായി ഹാജരാക്കേണ്ടതായുണ്ട്. സര്‍ക്കാറിന്റെ ആശങ്ക തീരുന്നതുവരെ കാത്തിരുന്നാല്‍ ഡിസംബര്‍ 31 നകം ഫിറ്റ്‌നസ് എടുക്കുകയെന്നത് പൂര്‍ത്തികരിക്കാനാവില്ല.’ അതേ സമയം, ഫിറ്റ്‌നസ് എടുക്കാന്‍ ബസ് നിര്‍ത്തിയാല്‍ 50,000 ത്തോളം രൂപ ചെലവാവുകയും ചെയ്യും. ഈ സമയം സര്‍ക്കാറിന്റെ ആശങ്ക തീര്‍ന്ന് പുതിയ ബസ് ലഭിക്കുക കൂടി ചെയ്താല്‍ പഴയ ബസ്സിന് ചെലവാക്കിയത് നഷ്ടമാവുമെന്ന ധര്‍മസങ്കടത്തിലാണ് സ്‌കൂള്‍ പിടിഎകള്‍. അതേസമയം, സര്‍ക്കാറിന്റെ കത്തിന് കൃത്യമായ വിശദീകരണം നല്‍കിയതായും വരുന്ന കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടായേക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top