സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം : മല്‍സ്യമേഖലയ്ക്ക് നിരാശഎന്‍ എ ഷിഹാബ്

ആലപ്പുഴ: വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്നാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ മല്‍സ്യമേഖലയില്‍ തികഞ്ഞ നിരാശ. 2016-17 ബജറ്റില്‍ മല്‍സ്യമേഖലയ്ക്ക് വകയിരുത്തിയ 408 കോടി രൂപ പൂര്‍ണമായി ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. മേഖലയുടെ വികസനത്തിന് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയ ഫിഷറീസ് മന്ത്രിക്ക് അവ നടപ്പാക്കാന്‍ സാധിച്ചുമില്ല. മണ്ണെണ്ണ പെര്‍മിറ്റില്‍ അഴിമതിയും അപാകതയുമുണ്ടെന്നു കാണിച്ച് ഒരുമാസത്തിനകം പുതിയ പെര്‍മിറ്റ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല. തീരദേശം പ്ലാസ്റ്റിക് വിമുക്തമാക്കുമെന്ന് വകുപ്പുമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 9.9 എച്ച്പി എന്‍ജിന് 129 ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്നത് 50 ലിറ്റര്‍ ആയും 15 എച്ച്പി എന്‍ജിന് 136 ലിറ്ററില്‍ നിന്ന് 53 ലിറ്ററായും 25 എച്ച്പിക്ക് മുകളിലുള്ള എന്‍ജിന് ലഭിച്ചിരുന്ന 180 ലിറ്റര്‍ മണ്ണെണ്ണ 70 ലിറ്ററായും കുറഞ്ഞു. കേരളത്തിലെ മല്‍സ്യമേഖലയ്ക്ക് ആവശ്യമായ മണ്ണെണ്ണ എത്രയെന്ന് കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മണ്ണെണ്ണ എന്‍ജിന് പകരം പെട്രോള്‍ എന്‍ജിന്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മണ്ണെണ്ണ സബ്‌സിഡി ഒഴിവാക്കാനാണെന്നും ആരോപണമുണ്ട്. മഴക്കാലം അടുത്തിരിക്കെ കടലാക്രമണം ചെറുക്കാന്‍ ശാസ്ത്രീയമായ നടപടിയൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കടലാക്രമണത്തില്‍ വീട് തകര്‍ന്ന 124 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ തന്നെയാണ്. ഇവര്‍ക്ക് സ്ഥലം വാങ്ങി വീട് വച്ചുനല്‍കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. അതേസമയം, തിരുവനന്തപുരം ജില്ലയ്ക്ക് മറ്റൊരിടത്തുമില്ലാത്ത പ്രാധാന്യം ലഭിച്ചു. കരിമണല്‍ ഖനനത്തിനെതിരേ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് വോട്ട് നേടിയ സിപിഎം അധികാരത്തിലേറിയപ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്താനുള്ള നീക്കവുമായി മുന്നോട്ടു നീങ്ങുകയാണ്. മല്‍സ്യമേഖലയിലെ സഹകരണപ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന കെഎംഎഫ്ആര്‍ ആക്ട് ഭേദഗതിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയുണ്ടായി. ഒരു ലൈസന്‍സുമില്ലാതെ 12 നോട്ടിക്കല്‍ മൈലിനപ്പുറം മല്‍സ്യബന്ധനം നടത്തുന്ന വന്‍കിടക്കാരുടെ യാനങ്ങള്‍ക്ക് അംഗീകൃത ഹാര്‍ബറുകളില്‍ ലാന്‍ഡിങിനും മല്‍സ്യവിപണനത്തിനും അവസരം നല്‍കി. തീരദേശ ഹരിത ഇടനാഴി, തീരം വിദേശികള്‍ക്ക് തീറെഴുതാനുള്ള നടപടിയാണെന്ന് തീരവാസികള്‍ ആരോപിക്കുന്നു. 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മല്‍സ്യബന്ധനത്തിന് അനുമതി നിഷേധിക്കുകയാണ്. കസ്തൂരിരംഗന്‍ റിപോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ തീരദേശ നിയന്ത്രണ നിയമംമൂലം വീടുവയ്ക്കാന്‍പോലും മല്‍സ്യത്തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ജൂലൈ 20ന് പ്രകൃതിക്ഷോഭത്തില്‍ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ ഒന്നും നല്‍കിയിട്ടില്ല. മല്‍സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് 10 ലക്ഷമാക്കി വര്‍ധിപ്പിച്ച് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിക്ക് അഞ്ചുലക്ഷത്തിന്റെ പ്രീമിയം മാത്രമാണ് അടച്ചിരിക്കുന്നത്. മല്‍സ്യത്തൊഴിലാളികളുടെ ഭവനസഹായം മൂന്നു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാക്കി വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും 3.5 ലക്ഷം മാത്രമാണ് വിതരണം ചെയ്യുന്നത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിന് നല്‍കിവന്ന സര്‍ക്കാര്‍ വിഹിതം കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ത്തലാക്കി. മല്‍സ്യബന്ധന സമയത്ത് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കിയിരുന്ന ഒരുലക്ഷം രൂപ സഹായവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലടക്കം മല്‍സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവന്നിരുന്ന കാഷ് അവാര്‍ഡും നിര്‍ത്തലാക്കിയ മട്ടാണ്. കേരള ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയെയും ധീവരസഭയെയും മന്ത്രിതല യോഗങ്ങളില്‍ നിന്ന് വിലക്കുകയാണെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ ആരോപിച്ചു.

RELATED STORIES

Share it
Top