സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് കാത്തിരിക്കേണ്ടതില്ലെന്ന് കേന്ദ്രം

കൊച്ചി: സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതികള്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള (യുഎപിഎ) കുറ്റം ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കു കാത്തിരിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കതിരൂര്‍ മനോജ് വധക്കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള കേസില്‍ യുഎപിഎ ചുമത്തണമെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരിന്റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജയരാജനും മറ്റു പ്രതികളും ഹരജി നല്‍കിയത്. ഒരു കേസ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരമോ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലാത്തതിന്റെ പേരില്‍ കോടതി ഇടപെടലിലൂടെയോ സിബിഐക്ക് വിടാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയുടെ ആവശ്യമില്ല. അതിനാല്‍, കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ യുഎപിഎ ചുമത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വാദത്തിനു കൂടുതല്‍ സമയം വേണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. തുടര്‍ന്ന് ഇന്നും കേസിലെ വാദം തുടരാനായി ഹരജി മാറ്റി.

RELATED STORIES

Share it
Top