സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ അധ്യക്ഷന്‍ ഹൈക്കോടതി ജഡ്ജി തന്നെ ആവണമെന്നില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കുകള്‍ തീരുമാനിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി ഹൈക്കോടതി ജഡ്ജിയെതന്നെ നിയമിക്കണെമന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, സഞ്ജയ് കിശാന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2003ലെ ഇലക്ട്രിസിറ്റി ആക്ട് അനുസരിച്ച്  ഹൈക്കോടതി ജഡ്ജിയെ സംസ്ഥാന കമ്മീഷനായും സുപ്രിംകോടതി ജഡ്ജിയേയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനേയോ കേന്ദ്ര കമ്മീഷനായും  നിയമിക്കാവുന്നതാണ്്. എന്നാല്‍, ഹൈക്കോടതി ജഡ്ജിയെ കമ്മീഷന്റെ ചെയര്‍പേഴ്‌സണാക്കണമോ വേണ്ടയോ എന്നത് തീരുമാനി ക്കാനുള്ള വിവേചനാധികാരമാണ് സര്‍ക്കാരുകള്‍ക്ക് നല്‍കുന്നത്. ഇത് നിര്‍ബന്ധമല്ല. അതേസമയം, നിയമ രംഗത്തുനിന്നുള്ള ഒരാള്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍, നിലവില്‍  ഇത്തരം ഏകാംഗ കമ്മീഷനുകള്‍  ജുഡീഷ്യറി നടപടികള്‍ അടക്കമുള്ളവ ഉള്‍കൊള്ളുന്നതുകൊണ്ടു നിയമ രംഗത്തുനിന്നുള്ള ഒരാള്‍  അത്യവാശ്യമാണെന്നു കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്കോ ജില്ലാ കോടതി ജഡ്ജി സ്ഥാനത്തേക്കോ യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഇത്തരം സ്ഥാനങ്ങളില്‍  ഇരിക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍  ഗുജറാത്ത് ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി വ്യക്തത വരുത്തിയത്.
കമ്മീഷന്റെ ചെയര്‍പേഴ്‌സണെ നിയമിക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും ഹൈക്കോടതി ജഡ്ജിയെന്നത് സര്‍ക്കാരിന് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. എന്നാല്‍, ചെയര്‍പേഴ്‌സണ്‍ ഹൈക്കോടതി ജഡ്ജിയായിരിക്കണമെന്നത് നിര്‍ബന്ധമാണെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.

RELATED STORIES

Share it
Top