സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുരസ്‌കാരം വടകരയ്ക്ക്‌

വടകര: ജനകീയപങ്കാളിത്തത്തിന്റെ മാതൃകാപരമായ ചരിത്രം തീര്‍ത്തുകൊണ്ട് നഗരമാലിന്യ സംസ്‌കരണത്തിന് പുതുവഴി വെട്ടിയ വടകര നഗരസഭയ്ക്ക് അവാര്‍ഡ്. സീറോ വേസ്റ്റ് പദ്ധതിയിലൂടെയാണ് വടകര നഗരത്തെ മാലിന്യ മുക്തമാക്കുന്ന പ്രവൃത്തികള്‍ നഗരസഭ ആവിഷ്‌കരിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മൂന്നാം സ്ഥാനമാണ് വടകര നഗരസഭ കരസ്ഥമാക്കിയത്. മികച്ച മലിനീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വ്യവസായ ശാലകള്‍ക്ക് 1989 മുതല്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന അവാര്‍ഡാണ് സംസ്ഥാന മിലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെത്.
കഴിഞ്ഞ വര്‍ഷം മലിനീകരണ നിയന്ത്രണ സംവിധാനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തില്‍ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനാമാക്കിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. വ്യവസായശാലകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, ആയുഷ് ആശുപത്രികള്‍, സ്റ്റോണ്‍ ക്രഷര്‍, ഡയറി, പ്രിന്റ് ആന്റ് വിഷല്‍ മീഡിയ, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ ക്ഷണിച്ചത്. അവാര്‍ഡിനായി ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് പ്രാഥമിക പരിശോധനയില്‍ തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാണ് അവാര്‍ഡു ജേതാക്കളെ നിര്‍ണയിച്ചത്. അവാര്‍ഡ് നാളെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ വടകര നഗരസഭ പ്രതിനിധികള്‍ ഏറ്റുവാങ്ങും.
സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രി മാലിന്യ സംസ്‌കരണ സംരഭക ഗ്രൂപ്പ് രൂപീകരിച്ച് നേരിട്ട് ഇത്തരമൊരു സംവിധാനത്തിന് വടകരയില്‍ രൂപം കൊടുത്തത്. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. വടകരയില്‍ 60 പേരെ ഉള്‍പ്പെടുത്തി ഹരിത കര്‍മസേന രൂപീകരിച്ചാണ് മാലിന്യം ശേഖരിക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്. മാത്രമല്ല വാര്‍ഡ് തലങ്ങളില്‍ മൊത്തം വീടുകളെ 40 വീതമുള്ള ക്ലസ്റ്ററുകളാക്കി തിരിച്ച് ഓരോ ക്ലസ്റ്ററിനും ഒരുക്ലസ്റ്റര്‍ ലീഡര്‍, അദ്ദേഹത്തെ സഹായിക്കാന്‍ പരമാവധി 5 പേരുള്ള ശുചിത്വസേന, വാര്‍ഡ് തലത്തില്‍ ഒരു ഗ്രീന്‍വാര്‍ഡ് ലീഡര്‍, എന്നിങ്ങനെ വിപുലമായ മുന്നൊരുക്കങ്ങള്‍ പദ്ധതിയുടെ ഭാഗമായി ചെയ്തിട്ടുണ്ട്. വീടുകളില്‍ മാലിന്യം സംസ്‌കരണം നടത്തുന്നതിനായി കമ്പോസ്റ്റ്പിറ്റ്, ബയോഗ്യാസ് പ്ലാന്റ്, കിച്ചണ്‍ബിന്‍, റിങ് കമ്പോസ്റ്റ് ബയോബിന്‍ തുടങ്ങിയവ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനം പദ്ധതിയുടെ ഭാഗമായി ഘട്ടംഘട്ടമായി നടന്നു വരികയാണ്.
2018 ജനുവരിയില്‍ ആരംഭിച്ച പദ്ധതി ഓരോ മാസത്തില്‍ വിവിധ അജൈവ മാലിന്യങ്ങളാണ് ശേഖരിച്ച് വരുന്നത്. ഇതിനായി പാഴ് വസ്തുക്കള്‍ വാര്‍ഡുകളിലെ ഓരോ ക്ലസ്റ്ററുകളിലും ഇവ സൂക്ഷിക്കുന്നതിന് ഓരോ മിനി എംആര്‍എഫുകളും സംവിധാനം ചെയ്തിട്ടുണ്ട്.
തരം തിരിച്ച് ശേഖരിച്ച പാഴ്‌വസ്തുക്കള്‍ വാര്‍ഡിലെ മിനി എംആര്‍എഫില്‍ നിന്നും 5 ദിവസത്തിനുള്ളില്‍ തന്നെ സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇതിനായി പ്രത്യേക ടീമിനെ തന്നെ നഗരസഭ രൂപം കൊടുത്തിട്ടുണ്ട്. അതേസമയം നഗരസഭയില്‍ എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് നിലവില്‍ താല്‍കാലിക എംആര്‍എഫ് കേന്ദ്രമാണ് പ്രവര്‍ത്തിച്ച് വരുന്നത്.
RELATED STORIES

Share it
Top