സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ജെജെ മോണിറ്ററിങ് സെല്‍

തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ബാലനീതി മോണിറ്ററിങ് സെല്‍(ജെജെ മോണിറ്ററിങ് സെല്‍) രൂപീകരിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഒരു സീനിയര്‍ ടെക്‌നിക്കല്‍ ഓഫിസറെയും ഒരു കേസ്‌വര്‍ക്കറെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഫലപ്രദമായി തടയുക എന്ന ലക്ഷ്യത്തോടെ ബാലവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജെജെ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സംബന്ധിച്ച ബാലനീതി ആക്റ്റ് 2015, 109ാം വകുപ്പ് പ്രകാരം ഈ കേന്ദ്ര നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതല നല്‍കിയിരിക്കുന്നത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ്. ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിനു വേണ്ടിയാണ് ജെജെ മോണിറ്ററിങ് സെല്‍ രൂപീകരിച്ചത്.  ജെജെ ആക്റ്റിന്റെ കീഴില്‍ ഉണ്ടാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെ അവലോകനവും ബാലാവകാശങ്ങളും ലിംഗാവബോധം സംബന്ധിച്ച അറിവും ആശയവിനിമയവും സാധ്യമാവുന്ന സാമഗ്രികള്‍ വികസിപ്പിക്കുക, കുട്ടികള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുള്ള അവബോധം സൃഷ്ടിക്കുക, കുട്ടികളുടെ അവകാശങ്ങളും ഉപയോഗപ്രദമായ മറ്റു വിവരങ്ങളും അടങ്ങിയ സാമഗ്രികള്‍ പ്രാദേശിക ഭാഷയില്‍ വികസിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടിയാണ് കമ്മീഷന് പ്രത്യേകമായി ഒരു ജെജെ മോണിറ്ററിങ് സെല്‍ രൂപീകരിക്കുന്നത്.

RELATED STORIES

Share it
Top