സംസ്ഥാന ബഡ്‌സ് കലോല്‍സവം: കോഴിക്കോട്ട് കൊടിയിറങ്ങി

കോഴിക്കോട്: നൃത്തവേദികളിലും സംഗീതവേദികളിലും തങ്ങളുടെ പരിമിതികളെ മറന്ന് അവര്‍ നിറഞ്ഞാടിയപ്പോള്‍ സദസ്സിന്റെ പ്രോല്‍സാഹനം അവരില്‍ ആവേശമുണര്‍ത്തി. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ബഡ്‌സ് കലോല്‍സവത്തിനു കോഴിക്കോട് ജെഡിടി ഇസ്‌ലാമിക് എജ്യൂക്കേഷനല്‍ കോംപ്ലക്‌സില്‍ സമാപനം.
ആദ്യ ദിനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം ജില്ലയെ പിന്തള്ളി 31 പോയിന്റുമായി എറണാകുളം ജില്ല ഒന്നാം സ്ഥാനവും 23 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 17 പോയിന്റുമായി കാസര്‍കോട് ജില്ല മൂന്നാം സ്ഥാനവും നേടി.
കോഴിക്കോട് ജെഡിടിയില്‍ നടന്ന സമാപന സമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 200 പുതിയ ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും എട്ടു കുട്ടികള്‍ക്ക് ഒരു അധ്യാപിക എന്ന നിലവാരത്തിലേക്ക് ബഡ്‌സ് സ്‌കൂളുകളെ ഉയര്‍ത്തുമെന്നും ബഡ്‌സ് ബിആര്‍സി അധ്യാപകരുടെയും ജീവനക്കാരുടെയും വേതനം വര്‍ധിപ്പിച്ച് ഉത്തരവായെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സമ്മേളനത്തില്‍ ടിവി-ചലച്ചിത്രതാരം വിനോദ് കോവൂര്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫിസര്‍ അമൃത ജി എസ്, ജെഡിടി ഇസ്‌ലാം എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷ ന്‍ പ്രസിഡന്റ് സി പി കുഞ്ഞിമുഹമ്മദ്, പ്രമുഖ വ്യവസായി സൂര്യ ഗഫൂര്‍, കോഴിക്കോട് ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ ടി ഗിരീഷ് കുമാര്‍, ഗിരീശന്‍, സംസ്ഥാനതല മിഷന്‍ അസി. പ്രൊജക്ട് മാനേജര്‍ കെ ജെ ജോമോന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top