സംസ്ഥാന ബജറ്റില്‍ ജില്ലയെ അവഗണിച്ചു: ബാബു ജോര്‍ജ്

പത്തനംതിട്ട: ജില്ലയെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയും മൂന്ന് ഭരണകക്ഷി എംഎഎ മാരും ഉണ്ടായിട്ടും ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിലവതരിപ്പിച്ച ബജറ്റില്‍ ജില്ലയെ പൂര്‍ണമായും അവഗണിച്ചതായി ഡിസിസി പ്രസിഡന്റ് ബാബുജോര്‍ജ് കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനപാതകളെ കുറിച്ച് ബജറ്റില്‍ പ്രതിപാദിച്ചിട്ടും ജില്ലയില്‍ കൂടി കടന്നുപോകുന്ന പ്രധാനപാതയായ മൂവാറ്റുപുഴ-പുനലൂര്‍ കെഎസ്ടിപി റോഡ് പദ്ധതിയുടെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തിന്റെ പണികള്‍ ആരംഭിക്കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തത് അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. കഴിഞ്ഞവര്‍ഷം കിഫ്ബിയില്‍പെട്ടുപോയ പദ്ധതികളുടെ ഭാവി എന്തെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. മന്ത്രി മാത്യു ടി.തോമസ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ തിരുവല്ലയില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്ന തിരുവല്ല ബൈപ്പാസിന്റെ പണികള്‍ പുനരാരംഭിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റില്‍ ഉള്ളതായി കാണുന്നില്ല. ജില്ലാ ആസ്ഥാനത്ത് അബാന്‍ ജങ്ഷനില്‍ നിര്‍ദ്ദേശിക്കപ്പെട്ട മേല്‍പാലത്തിന്  തുക ബജറ്റില്‍ ഇല്ല. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത്.റാന്നിയില്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നിര്‍ദ്ദേശിക്കപ്പെട്ട റബര്‍ പാര്‍ക്ക് വീണ്ടും പ്രഖ്യാപനമായതൊഴിച്ചാല്‍ ജില്ലയില്‍ കാര്യമായ പുതിയ പദ്ധതികളൊന്നുംതന്നെ സംസ്ഥാന ബജറ്റില്‍ ഇല്ലാത്തത് ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെയും മൂന്ന് ഭരണകക്ഷി എംഎല്‍എ മാരുടെയും പിടിപ്പ്‌കേടുകൊണ്ടാണെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. യുഡിഎഫ് പ്രതിനിധീകരിക്കുന്ന കോന്നിയെ പൂര്‍ണമായി അവഗണിച്ചു. മെഡിക്കല്‍ കോളജ് പൂര്‍ത്തീകരണത്തിനും അനുബന്ധവികസനപ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ പറയുന്ന തുക അപര്യാപ്തമാണ്. ജില്ലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബാബുജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top