സംസ്ഥാന പ്രതിനിധിസഭയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം; കര്‍ണാടകയില്‍ എസ്ഡിപിഐ മുന്നേറ്റം നടത്തും: മുഹമ്മദ് ഇല്യാസ് തുംബൈ

ആലുവ: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ നാലാമത് സംസ്ഥാന പ്രതിനിധിസഭയ്ക്ക് ആലുവ കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമം ഓഡിറ്റോറിയത്തില്‍ പ്രൗഢോജ്ജ്വല തുടക്കം. കര്‍ണാടകയില്‍ പാര്‍ട്ടി മല്‍സരിക്കുന്ന മൂന്നു സീറ്റുകളിലും മുന്നേറ്റം നടത്തുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുംബൈ പറഞ്ഞു. പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന് ജനങ്ങള്‍ പ്രസക്തി നല്‍കുന്നുവെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ അസഹിഷ്ണുത നിറഞ്ഞ പ്രസ്താവനയില്‍ നിന്നു വ്യക്തമാണ്. സംഘപരിവാര ഫാഷിസം രാജ്യത്തെ അപകടത്തിലേക്ക് ഭയാനകമാംവിധം തള്ളിനീക്കുമ്പോള്‍ ജനപക്ഷ ബദലായി എസ്ഡിപിഐ വളര്‍ന്നുവരും. വേങ്ങര തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ മുന്നേറ്റം കേരളത്തിലും പാര്‍ട്ടിക്ക് ബദല്‍ രാഷ്ട്രീയത്തിന്റെ അംഗീകാരമാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന സന്ദേശം പാര്‍ട്ടിക്ക് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ 11ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച പ്രതിനിധിസഭ  ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ ഇന്നു സമാപിക്കും.
ദേശീയ സമിതിയംഗം ഡോ. ആവാദ് ശരീഫ്, അഡ്വ. കെ എം അഷ്‌റഫ്, അജ്മല്‍ ഇസ്മാഈല്‍, റോയ് അറയ്ക്കല്‍, റൈഹാനത്ത് , മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സി പി എ ലത്തീഫ്, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജലീല്‍ നീലാമ്പ്ര, യഹ്‌യ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, വി ടി ഇക്‌റാമുല്‍ ഹഖ്, വി എം ഫഹദ്, ജ്യോതിഷ് പെരുമ്പിളിക്കല്‍, എ കെ സലാഹുദ്ദീന്‍, ഇ എസ് ഖാജാഹുസയ്ന്‍, പി ആര്‍ കൃഷ്ണന്‍കുട്ടി പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ പ്രവര്‍ത്തന റിപോര്‍ട്ടും സെക്രട്ടറി പി കെ ഉസ്മാന്‍ രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു.

RELATED STORIES

Share it
Top