സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍: കലക്ടറെയും സംഘത്തെയും കാക്കിപ്പട കീഴടക്കി

കണ്ണൂര്‍: ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് സൗഹൃദത്തിന്റെ സ്മാഷുകള്‍ വിരിയിച്ച് കാക്കിപ്പടയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേര്‍ക്കുനേര്‍ കളിക്കളത്തില്‍. അത്യന്തം വീറും വാശിയും നിറഞ്ഞ മല്‍സരത്തില്‍ ഗാലറിയുടെ കലവറയില്ലാത്ത പിന്തുണയില്‍ കളംനിറഞ്ഞു കളിച്ച ജില്ലാ കലക്ടറുടെ ടീമിന് കാക്കിക്കരുത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് പോലിസിലെ യുവതാരങ്ങള്‍ വിജയം സ്വന്തമാക്കി.
സ്‌കോര്‍: (25-17),(28-26), (17-25). കണ്ണൂര്‍ പ്രസ്‌ക്ലബ് മൂന്നാമത് സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ജവഹര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സൗഹൃദ മല്‍സരമായിരുന്നു വേദി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ആയിരുന്നു പച്ച ജഴ്‌സിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അണിനിരന്ന കണ്ണൂര്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍. നീല ജഴ്‌സിയണിഞ്ഞ പോലിസ് ടീമിനെ വോളി കോര്‍ട്ടിലെ മിന്നുംതാരമായ പയ്യന്നൂര്‍ സിഐ എം പി ആസാദും നയിച്ചു.കരുത്തുറ്റ സര്‍വുകളും സ്മാഷുകളുമായി കലക്ടര്‍ മിര്‍ മുഹമ്മദലിയും എഡിഎം മുഹമ്മദ് യൂസഫും സിറ്റി സിഐ കെ വി പ്രമോദും പോയിന്റുകള്‍ വാരിക്കൂട്ടി. നാദാപുരം വാണിമേല്‍ ബ്രദേഴ്‌സ് ടീം താരമായ സിഐ എം പി ആസാദും വോളി കോച്ച് ഇ കെ രഞ്ചനും പന്ത് അസൈന്‍ ചെയ്തും അണ്ടര്‍ ഹാന്റിലൂടെ ലിഫ്റ്റ് ചെയ്തും കൈയടി നേടി. പിഴക്കാത്ത നീക്കങ്ങള്‍ പ്രകടമായ മല്‍സരത്തിനൊടുവില്‍ പൊരുതിക്കളിച്ചാണ് കലക്ടറും സംഘവും കീഴടങ്ങിയത്. ക്രമസമാധാനപാലനം മാത്രമല്ല, വോളിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് പോലിസ് ടീം തെളിയിച്ചു. പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശന്‍, ബിജു ഏളക്കുഴി, പ്രസ്‌ക്ലബ്് പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സംഘാടക സമിതി കണ്‍വീനര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, എക്‌സ്‌ക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ യു പി സന്തോഷ്, കെ വി വിജേഷ്, ഷിജിത്ത് കാട്ടൂര്‍ തുടങ്ങിയവര്‍ ടീമുകളുടെ പരിചയപ്പെട്ടു.

RELATED STORIES

Share it
Top