സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍: കാണികള്‍ ഗ്രൗണ്ട് കൈയേറി; നറുക്കെടുപ്പിലൂടെ വയനാട് സെമിയില്‍

തൃക്കരിപ്പൂര്‍: നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കണികള്‍ ഗ്രൗണ്ട് കൈയേറിയതിനെ തുടര്‍ന്ന് നറുുക്കെടുപ്പിലൂടെ വയനാട് സെമിയിലെത്തി.
ഉച്ചക്ക് ശേഷം നടന്ന രണ്ടാമത്തെ മല്‍സത്തില്‍ കാസര്‍കോടിനു വേണ്ടി ജോതിഷ് രണ്ടു ഗോളും വയനാടിനു വേണ്ടി ശഫ്‌നാദും മുന്നാ റോഷനും ഓരോ ഗോളും നേടി സമനിലയിലിരിക്കെ, കളി തീരാന്‍ പത്തു മിനിറ്റ് ശേഷിക്കെ കാണികള്‍ ഗ്രൗണ്ട് കൈയേറുകയായിരുന്നു. വയനാടിന്റെ രണ്ടാമത്തെ ഗോള്‍ ഓഫ് സൈഡാണെന്ന് ആരോപിച്ചാണ് ഗ്രൗണ്ട് കൈയേറിയത്. തുടര്‍ന്ന് കളി നിര്‍ത്തിവെച്ച് വിജയികളെ തീരുമാനിക്കാന്‍ നറുക്കെടുക്കുകയായിരുന്നു.
രാവിലെ നടന്ന ആദ്യ മല്‍സരത്തില്‍ വയനാട് പത്തനംതിട്ടയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വയനാടിനു വേണ്ടി മുഹമ്മദ് സഫ്‌വാന്‍ രണ്ടും ഗ്ലോസില്‍ ഒരു ഗോളും നേടി .രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ കാസര്‍കോട് ആലപ്പുഴയെ എകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് തകര്‍ത്തത്. കാസര്‍കോടിനു വേണ്ടി മുഹമ്മദ് അംജദ്, അഹമ്മദ് സ്വാബിഹ്, അതുല്‍ ഗണേശ് എന്നിവര്‍ ഓരോ ഗോള്‍ വീതവും അക്ഷയ് മണി രണ്ടു ഗോളും നേടി.
ഉച്ചക്ക് ശേഷം നടന്ന ആദ്യ മല്‍സരത്തില്‍ പത്തനംതിട്ട ആലപ്പുഴയെ ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.പത്തനം തിട്ടക്ക് വേണ്ടി അഭിഷേക് കുമാറും ദേവദത്തനും ഓരോ ഗോള്‍ നേടി.

RELATED STORIES

Share it
Top