സംസ്ഥാനമൊട്ടാകെ കുടുംബശ്രീ ജൈവ പ്ലാന്റ് നഴ്‌സറികള്‍ വരുന്നു

എച്ച്   സുധീര്‍

പത്തനംതിട്ട: സംസ്ഥാനവ്യാപകമായി കുടുംബശ്രീ ജൈവ പ്ലാന്റ് നഴ്‌സറികള്‍ വരുന്നു. മികച്ചതും ഗുണമേന്‍മ ഉള്ളതുമായ വിത്തുകളും തൈകളും ന്യായവിലയ്ക്ക് ജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും 10 യൂനിറ്റ് എന്ന കണക്കില്‍ ആദ്യഘട്ടത്തില്‍ 140 ജൈവ പ്ലാന്റ് നഴ്‌സറികളാണ് കുടുംബശ്രീ വഴി ആരംഭിക്കുക. ഇതിനായി അതത് ജില്ലകളില്‍ സ്ഥലം കണ്ടെത്തും.
റോഡ് സൗകര്യം, സ്ഥലം, നഴ്‌സറി നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന വസ്തുക്കളുടെ ലഭ്യത തുടങ്ങിയവയെ അടിസ്ഥാനമാക്കിയാവും നഴ്‌സറി സ്ഥാപിക്കേണ്ട കേന്ദ്രം തീരുമാനിക്കുക. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനെയും കൃഷി വിജ്ഞാന്‍ കേന്ദ്രത്തെയും ആയിരിക്കും തുടക്കത്തില്‍ വിത്തുകള്‍ക്കും തൈകള്‍ക്കുമായി ആശ്രയിക്കുക. അതിനു ശേഷം സ്വന്തം നിലയ്ക്ക് തൈകളും വിത്തുകളും ഉല്‍പാദിപ്പിക്കും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 159 പ്ലാന്റ് നഴ്‌സറികളുണ്ട്. ഇതിനു പുറമേയാണ് 140 യൂനിറ്റുകള്‍ കൂടി സ്ഥാപിക്കുന്നത്. പച്ചക്കറികള്‍ക്കു പുറമേ അലങ്കാരച്ചെടികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയും അവയുടെ വിത്തുകളും ജൈവ പ്ലാന്റ് നഴ്‌സറികളില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ മുഴുവന്‍ ജൈവ നഴ്‌സറികളെയും നിരീക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനവും നടപ്പാക്കാന്‍ പദ്ധതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

RELATED STORIES

Share it
Top