സംസ്ഥാനപാതയിലെ അപകട മുന്നറിയിപ്പ് വിളക്കുകള്‍ അണഞ്ഞു

രാജപുരം: സംസ്ഥാനപാതയിലെ അപകട മുന്നറിയിപ്പ് വിളക്കുകള്‍ അണഞ്ഞിട്ട് മാസങ്ങളായി. ദേശീയ പാത പദവിയിലേക്ക് ഉയര്‍ത്താനുള്ള അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ അപകട മേഖല മുന്നറിയിപ്പ് നല്‍കുന്ന സോളാര്‍ വിളക്കുകളാണ് തകരാറിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാതെ കിടക്കുന്നത്. ഇരിയയിലും തട്ടുമ്മലിലും സ്ഥാപിച്ച അപകടമുന്നറിയിപ്പ് ബോര്‍ഡിലെ വിളക്കാണ് തകരാറായിരിക്കുന്നത്.
ഈ മേഖലയില്‍ അപകടങ്ങള്‍ പതിവായതോടെയാണ് അധികൃതര്‍ ഇത്തരത്തില്‍ ഒരു അപകട സൂചന ബോര്‍ഡ് വയ്ക്കാന്‍ തീരുമാനിച്ചത്. അടുത്തടുത്ത് കൊടുംവളവുകളും കയറ്റവും ഉള്ളത് അറിയാത്ത പുറമേ നിന്നും വരുന്നവര്‍ക്ക് വഴികാട്ടിയാകും എന്നു കണ്ടാണ് അധികൃതര്‍ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
മുമ്പ് ഇവിടെ പകല്‍ സമയത്ത് തന്നെ വണ്ടി അപകടത്തില്‍പ്പെട്ട് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതിനാലാണ് സോളാര്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്ക് സ്ഥാപിച്ചത്.
സോളാര്‍ പാനലുകള്‍ക്ക് തകരാറ് സംഭവിച്ചതാണ് ഈ വിളക്കുകള്‍ തെളിയാത്തതിനു കാരണം. എത്രയും വേഗം ഇത് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

RELATED STORIES

Share it
Top