സംസ്ഥാനപാതകളില്‍ 275 ബ്ലാക്ക്് സ്‌പോട്ടുകള്‍

ടോമി മാത്യു

കൊച്ചി: സംസ്ഥാനത്തെ പാതകളില്‍ 275 ബ്ലാക്ക് സ്‌പോട്ടുകളുണ്ടെന്നും ഇതില്‍ 159 എണ്ണം ദേശീയപാതയിലാണെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റി. ബാക്കി 116 എണ്ണം കേരളത്തിലെ ഇതര പാതകളിലായാണു കണ്ടെത്തിയത്. അതോറിറ്റിയുടെ അനുബന്ധ ഏജന്‍സിയായ നാറ്റ് പാക് നടത്തിയ പരിശോധനയിലാണു ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ഗണനാക്രമം നല്‍കിയ 46 പാതകളില്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന, പോലിസ്, പൊതുമരാമത്ത് വകുപ്പുകളുടെ സഹായത്തോടെ അപകട നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പരിശോധന നടത്തിയിട്ടുണ്ട്. റോഡ് സുരക്ഷാ അതോറിറ്റിയിലെ സാങ്കേതിക സഹായ വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അമിതവേഗവും മറ്റ് ഗതാഗത നിയമലംഘനങ്ങളുമുള്‍പ്പെടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് എന്‍ഫോഴ്‌സമെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പോലിസ് മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. അമിതവേഗം, വാഹനമോടിക്കവേയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ചരക്കുവാഹനങ്ങളിലെ അമിതഭാരം കയറ്റല്‍ എന്നിങ്ങനെയുള്ള ഗതാഗത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച്് മോട്ടോര്‍വാഹന, പോലിസ് വകുപ്പുകള്‍ റോഡ് സുരക്ഷാ അതോറിറ്റിക്ക് ത്രൈമാസ റിപോര്‍ട്ട് നല്‍കിവരുന്നുണ്ട്. കഴക്കൂട്ടം-അടൂര്‍ മോഡല്‍ സേഫ് കോറിഡോര്‍ ഡെമോണ്‍സട്രേഷന്‍ പ്രൊജക്റ്റ് നടപ്പില്‍വരുത്തുന്നതിനു വേണ്ട സാങ്കേതികസഹായം കേരള റോഡ് സുരക്ഷാ അതോറിറ്റിയിലെ ടെക്‌നിക്കല്‍ സപോര്‍ട്ട് ഗ്രൂപ്പ് കെഎസ്ടിപിക്കു നല്‍കുന്നുണ്ടെന്നും അതോറിറ്റി അധികൃതര്‍ വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലയ്ക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ അതോറിറ്റിക്ക് 2018 ജൂണ്‍ 30 വരെ സംസ്ഥാന സര്‍ക്കാരില്‍ നിന്നു വാര്‍ഷിക ബജറ്റ് വഴി 17,312,00,000 രൂപയാണ് ലഭിച്ചത്. അതേസമയം 2016 ഏപ്രില്‍ ഒന്നു മുതല്‍ 2018 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ സര്‍ക്കാരില്‍ നിന്നു തുകയൊന്നും ലഭിച്ചിട്ടുമില്ലെന്നും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകള്‍ക്കായി ചെലവഴിച്ചിരിക്കുന്ന തുകയില്‍ എറ്റവും കൂടുതല്‍ പോലിസ് ഡിപാര്‍ട്ട്‌മെന്റിനാണ്; 4,27,07,602 രൂപ. മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റിനായി 2,19,97,565 രൂപയും ഡിസ്ട്രിക്ട് റോഡ് സേഫ്റ്റി കൗണ്‍സിലിനായി 4,15,97,139 രൂപയും പബ്ലിക് വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിന്് 38,39,517 രൂപയും ശമ്പളവും വേതനവുമായി 1,07,69,005 രൂപയാണു ചെലവഴിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. 2018 ജൂലൈ 31ലെ കണക്കനുസരിച്ച് അതോറിറ്റിയുടെ പക്കല്‍ 3,34,61,203.25 രൂപയുണ്ട്്. സംസ്ഥാന സര്‍ക്കാരില്‍ നിന്നു മാത്രമാണ് അതോറിറ്റിക്ക് ഫണ്ട് ലഭിക്കുന്നത്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍, റോഡ് മാര്‍ക്കിങ്, ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ശബരിമല സേഫ് സോണ്‍ പദ്ധതി, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയാണു പ്രധാനമായും അനുബന്ധ ഏജന്‍സികള്‍ വഴി അതോറിറ്റി റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഈ കാലയളവില്‍ നടപ്പാക്കിയ പദ്ധതികളെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ വിവരങ്ങളും കണക്കുകളും അതോറിറ്റിയുടെ പക്കല്‍ ഇല്ല. 2007ലെ കേരള സുരക്ഷാ അതോറിറ്റി ആക്റ്റിലെ സെക്ഷന്‍ മൂന്ന് (മൂന്ന്) അനുസരിച്ച് ഗതാഗതമന്ത്രിയാണു റോഡ്‌സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍. പൊതുമരാമത്ത് മന്ത്രിയാണ് വൈസ് ചെയര്‍മാന്‍, റോഡ് സുരക്ഷാ കമ്മീഷണറാണ് അതോറിറ്റിയുടെ മുഖ്യ കാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍.

RELATED STORIES

Share it
Top