സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

എന്‍  എ  ശിഹാബ് .

തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം. കേരളത്തിന്റെ വളര്‍ച്ചാനിരക്കും ആഭ്യന്തര ഉല്‍പാദനവും ആദ്യമായി ദേശീയ ശരാശരിയില്‍ നിന്നു താഴെയെത്തി. നികുതിവരുമാനം ഉയര്‍ത്താനുള്ള ശ്രമം നോട്ടുനിരോധനം തകര്‍ത്തു. ഗള്‍ഫ് വരുമാനം കുറഞ്ഞതും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി തോമസ് ഐസക്കാണ് സാമ്പത്തിക അവലോകന രേഖ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തു വച്ചത്. 2010-11ല്‍ 18.7 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് 2016-17ല്‍ പകുതിയോളം കുറഞ്ഞ് 9.53 ശതമാനത്തിലെത്തി. ആഭ്യന്തര ഉല്‍പാദനം 2015-16ല്‍ ദേശീയ ശരാശരി 9.94ഉം സംസ്ഥാന ശരാശരി 8.59ഉം ആണ്. നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് സാമ്പത്തിക അവലോകനം പറയുന്നു. അതേസമയം, ജിഎസ്ടി വരുംവര്‍ഷം വരുമാനം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. 2,07,026.81 കോടി രൂപയാണ് കേരളത്തിന്റെ ആകെ കടം. 2015-16ല്‍ 1,57,370.33 കോടി രൂപയായിരുന്നത് 2016-17ല്‍ രണ്ടു ശതമാനത്തിലേറെ വര്‍ധിച്ച് 1,86,464 കോടിയായി. ഇതില്‍ പലിശയും ചേര്‍ത്ത് തിരിച്ചടയ്‌ക്കേണ്ട ആഭ്യന്തര കടം 1,18,268.72 ആണ്. അതേസമയം, കടവും റവന്യൂ വരുമാനവുമായുള്ള അനുപാതത്തില്‍ നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. ശമ്പളം, പെന്‍ഷന്‍, കടബാധ്യതകള്‍, തദ്ദേശസ്ഥാപനങ്ങള്‍ നല്‍കാനുള്ള വിഹിതം എന്നിവ വഴിയാണ് കടം കൂടിയത്. 2010-11 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ പദ്ധതി, പദ്ധതിയേതര ചെലവ് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ ചെലവ് മൂന്നിരട്ടി വര്‍ധിച്ചു. പത്താം ശമ്പളകമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയതും ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തതും റവന്യൂ ചെലവ് കൂട്ടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മൊത്തം ചെലവില്‍ 30.69 ശതമാനവും ചെലവിട്ടത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ്. 16.77 ശതമാനം തുക പെന്‍ഷന്‍ വിതരണത്തിനും 13.30 ശതമാനം വായ്പകള്‍ക്കുള്ള പലിശ ഒടുക്കുന്നതിനും ചെലവാക്കി.സംസ്ഥാനത്തിന്റെ നികുതിവരുമാനവും കുറയുകയാണ്. 2010-11ല്‍ 23.24 ശതമാനം ആയിരുന്ന നികുതിവരുമാനം അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ 8.16 ശതമാനമായി കുറഞ്ഞു. 2016-17ല്‍ നികുതിവരുമാനമായി ഖജനാവിലെത്തിയത് 42,176.38 കോടി യാണ്. നികുതിയേതര വരുമാനമായി 9,698.98 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ നികുതി, ഗ്രാന്റ് ഇനങ്ങളിലായി 23,735.36 കോടി രൂപയും ലഭിച്ചു. കേരളത്തില്‍ ദാരിദ്ര്യം വര്‍ധിക്കുന്നതായും അവലോകന രേഖ പറയുന്നു.

RELATED STORIES

Share it
Top