സംസ്ഥാനത്ത് വ്യാജ സിഗരറ്റുകള്‍ സുലഭം

ഹരിപ്പാട്: ശ്വാസകോശ കാന്‍സര്‍ അടക്കം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ സിരഗറ്റുകള്‍ സംസ്ഥാനത്ത്  സുലഭം. മുന്തിയ ഇനം വിദേശ നിര്‍മിത സിഗരറ്റുകളുടെ രൂപസാദൃശ്യമുള്ള വ്യാജ സിഗരറ്റ്, നിര്‍മാണ കമ്പനിയുടെ പേരോ മേല്‍വിലാസമോ മറ്റു വിശദാംശങ്ങളോ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളിലാണു വിപണിയിലെത്തിക്കുന്നത്.
വിദേശ ബ്രാന്‍ഡുകളുടെ കവറും ലോഗോയും അനുകരിച്ചും സമാനമായ പേരുകള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ചും കള്ളക്കച്ചവടം നിര്‍ബാധം തുടരുന്നു. പുകയില ഉല്‍പ്പന്ന നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ബീഡി സിഗാര്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ലക്ഷക്കണക്കിനു രൂപയുടെ സിഗരറ്റ് കച്ചവടം പ്രതിദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുവെന്ന് നര്‍ക്കോട്ടിക് വിഭാഗത്തിന്റെ രഹസ്യവിലയിരുത്തല്‍.
ശ്രീലങ്കയില്‍ നിന്നു രാമേശ്വരം വഴിയാണ് സിഗരറ്റുകള്‍ കേരളത്തിലെത്തുന്നത്. രാജ്യത്ത് നിലവിലുള്ള സിഗാര്‍ബീഡി നിയമം അനുസരിച്ച് രേഖപ്പെടുത്തേണ്ട പല മുന്നറിയിപ്പുകളും ഇത്തരം പായ്ക്കറ്റുകളിലില്ല. പുകവലി ആരോഗ്യത്തിനു ഹാനികരമെന്നും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പോടെയാണ് അംഗീകൃത കമ്പനികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.
എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് വ്യാജസിഗരറ്റുകള്‍ നിര്‍മിക്കാന്‍ വന്‍ ശ്യംഖല തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുള്ള സൂചന. ശ്രീലങ്കയിലെ പുകയിലപ്പാടങ്ങള്‍ പുറംതള്ളുന്ന നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ചാണത്രെ ഇവ നിര്‍മിക്കുന്നത്. ഇടനിലക്കാര്‍ വഴി സംസ്ഥാനത്തെത്തുന്ന സിഗരറ്റു പായ്ക്കറ്റുകള്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് വിറ്റഴിക്കുന്നത്.
കോടിക്കണക്കിനു രൂപ  മുടക്കി ലഹരി വസ്തുക്കള്‍ക്കെതിരേ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാന എക്‌സൈസ് വകുപ്പിനു പോലും മൂക്കിനു കീഴില്‍ നടക്കുന്ന വ്യാജ സിഗരറ്റ് കച്ചവടത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് വീര്യംകൂടിയ ഇളംനീല പുക പുറംതള്ളുന്ന വ്യാജ സിഗരറ്റുകള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. ഇന്ത്യന്‍ നിര്‍മിത സിഗരറ്റുകളെക്കാള്‍ വില കൂട്ടി വില്‍ക്കുന്ന ഇവയുടെ പായ്ക്കറ്റുകളില്‍ വില്‍പ്പന വില പോലും രേഖപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്കിടയിലും തൊഴിലാളി ക്യാംപുകളിലും വ്യാജ സിഗരറ്റു വില്‍പ്പന നടത്തുന്ന പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും സൂചനയുണ്ട്.
ഉപയോഗിക്കുന്നവരെ വളരെ പെട്ടന്ന് അടിമകളാക്കാന്‍ കഴിയുന്ന വ്യാജ സിഗരറ്റുകള്‍ ശീലമാക്കിയാല്‍ അതില്‍ നിന്നു മോചനം നേടുക ഏറെ വിഷമകരമെന്നു ലഹരി വിമുക്തി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാജ സിഗരറ്റുകളുടെ വില്‍പ്പന അനുദിനം വര്‍ധിച്ചിട്ടും ഇവ എത്തിക്കുന്ന ശൃംഖലയെ കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാന്‍ പോലും നര്‍ക്കോട്ടിക് വിഭാഗം ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

RELATED STORIES

Share it
Top