സംസ്ഥാനത്ത് വേനല്‍മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെ.മീ വരെ മഴ ലഭിക്കും. നാളെവരെ കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 55 കിമീ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, കന്യാകുമാരി ഭാഗങ്ങളില്‍ രണ്ടുദിവസത്തേക്ക് മല്‍സ്യബന്ധനം നടത്തരുതെന്ന് ജാഗ്രതാ നിര്‍ദേശവുമുണ്ട്.
മഞ്ചേരി, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വേനല്‍മഴ രേഖപ്പെടുത്തിയത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോന്നി, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളില്‍ മൂന്ന് സെ.മീ മഴയും ഇന്നലെ രേഖപ്പെടുത്തി.
അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ച സാഹചര്യത്തില്‍ വേനല്‍മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നല്‍ ദുരന്തമുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള മരണം വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ സമയങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള ലഘുലേഖയും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കി. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍, ജോലിസംബന്ധമായി ലോഹങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

RELATED STORIES

Share it
Top