സംസ്ഥാനത്ത് മിനിമം ബസ്ചാര്‍ജ് വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് പഠിച്ച് ശുപാര്‍ശ നല്‍കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പാകെ കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് നല്‍കിയത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പൂര്‍ണമായും രാമചന്ദ്രന്‍ കമ്മിറ്റി അംഗീകരിച്ചിട്ടില്ല. എന്നാല്‍, മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ടുരൂപയും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് രണ്ടുരൂപയുമായി വര്‍ധിപ്പിക്കാനാണ് റിപോര്‍ട്ടിലെ ശുപാര്‍ശയെന്നാണ് സൂചന.2014 മേയിലാണ് അവസാനമായി ബസ് നിരക്ക് കൂട്ടിയത്. മിനിമം ചാര്‍ജ് 10 രൂപയാക്കാതെ മുന്നോട്ടുപോവാനാവില്ലെന്നാണ് സ്വകാര്യ ബസ്സുടമകളുടെ നിലപാട്. ഈ ആവശ്യമുന്നയിച്ച് സമരത്തിലേക്കു നീങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്തില്‍ തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ചത്.  സ്വകാര്യബസ്സുടമകളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും യാത്രക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.  മന്ത്രിസഭാ യോഗമാണ് റിപോര്‍ട്ടിന്‍മേല്‍ തീരുമാനമെടുക്കേണ്ടത്. കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റിപോര്‍ട്ട് അതേപടി അല്ലെങ്കില്‍ പോലും നേരിയ വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത. അതേസമയം, ചാര്‍ജ് വര്‍ധിപ്പിച്ചേ പറ്റുവെന്ന നിലപാടിലാണ് സ്വകാര്യബസ്സുടമകള്‍.

RELATED STORIES

Share it
Top