സംസ്ഥാനത്ത് മല്‍സ്യ ലഭ്യത കൂടിയതായി കണക്കുകള്‍

കൊച്ചി: സമുദ്ര മല്‍സ്യോല്‍പാദനം തിരിച്ചുവരവിന്റെ പാതയിലെന്നു സൂചന നല്‍കി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപോര്‍ട്ട്. കേരളത്തിന്റെ സമുദ്രമല്‍സ്യ ലഭ്യതയില്‍ ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വന്‍തോതില്‍ കുറഞ്ഞുവരുകയായിരുന്ന മത്തിയുടെ തിരിച്ചുവരവാണ് സമുദ്രമല്‍സ്യ മേഖലയ്ക്ക് ഉണര്‍വായതെന്ന് പഠനം സൂചിപ്പിക്കുന്നു.
കേരളത്തില്‍ മത്തിയുടെ ലഭ്യത മുന്‍വര്‍ഷത്തേക്കാള്‍ മൂന്നുമടങ്ങ് (176 ശതമാനം) വര്‍ധിച്ചതായാണു കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്നു പിടിച്ച മീനുകളുടെ കണക്ക് ചൊവ്വാഴ്ചയാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്. പോയ വര്‍ഷം 5.85 ലക്ഷം ടണ്‍ മല്‍സ്യമാണ് കേരള തീരത്തു നിന്ന് പിടിച്ചത്. ഏറ്റവും കൂടുതല്‍ ലഭിച്ച മല്‍സ്യം മത്തിയാണ്- 1.7 ലക്ഷം ടണ്‍. 2016ല്‍ മത്തിയുടെ ലഭ്യത കേവലം 45,000 ടണ്‍ മാത്രമായിരുന്നു. 2012നു ശേഷം ആദ്യമാണ് മത്തിലഭ്യതയില്‍ കാര്യമായ വര്‍ധനയുണ്ടാവുന്നത്. എന്നാല്‍, അയല്‍സംസ്ഥാനമായ ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണ്. ദേശീയതലത്തില്‍ മത്തിയുടെ ലഭ്യത 38 ശതമാനമാണു കൂടിയത്- ഇന്ത്യയിലാകെ 3.37 ലക്ഷം ടണ്‍.  മത്തിയുടെ തിരിച്ചുവരവോടെ ദേശീയ തലത്തില്‍ മല്‍സ്യലഭ്യതയില്‍ കേരളം മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഗുജറാത്താണ് തുടര്‍ച്ചയായ അഞ്ചാം തവണയും ഒന്നാംസ്ഥാനത്തുള്ളത്.
മത്തി കൂടിയെങ്കിലും സംസ്ഥാനത്ത് അയലയുടെ ലഭ്യത ഇക്കുറിയും കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാണു കുറവ്. മത്തിക്ക് പുറമേ ചെമ്മീന്‍, തിരിയാന്‍, കണവ, കിളിമീന്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച അഞ്ച് മല്‍സ്യ ഇനങ്ങള്‍. അയല ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ സമുദ്രമല്‍സ്യ ലഭ്യതയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച സമുദ്രമല്‍സ്യോല്‍പാദനമാണ് ഇത്തവണത്തേതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

RELATED STORIES

Share it
Top