സംസ്ഥാനത്ത് പുതിയൊരു പക്ഷിയെക്കൂടി കണ്ടെത്തി

പൊന്നാനി: സംസ്ഥാനത്തെ പക്ഷികളുടെ കൂട്ടത്തിലേക്ക് പുതിയൊരിനം കൂടി. ബ്ലൂ ആ ന്റ് വൈറ്റ് ഫ്‌ളൈക്യാച്ചര്‍ എന്നു പേരുള്ള പക്ഷിയെയാണ് കേരളത്തില്‍ ഇതാദ്യമായി റിപോര്‍ട്ട് ചെയ്തതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു.2017 ഫെബ്രുവരിയിലാണ് പക്ഷിനിരീക്ഷകനും പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ മാറഞ്ചേരി സ്വദേശി ഡോ. ടി ഐ മാത്യു നെല്ലിയാമ്പതിക്കടുത്ത് പോത്തുണ്ടി ഡാമിലെ മലയോരവഴിയില്‍ പക്ഷിയെ കണ്ടെത്തിയത്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പക്ഷിയെ തിരിച്ചറിഞ്ഞത്. സിംഗപ്പൂരിലെ പക്ഷിശാസ്ത്രജ്ഞനായ ഡിങ് ലി യങ് ആണ് പക്ഷിയെ തിരിച്ചറിഞ്ഞത്. ഇതോടെ കേരളത്തിലെ പക്ഷിനിരീക്ഷകരും പക്ഷിശാസ്ത്രജ്ഞരും 522ാമത്തെ പക്ഷിയെ കണ്ടെത്തിയ സന്തോഷത്തിലാണ്.ഈ പക്ഷിക്ക് ഇതുവരെ മലയാളപ്പേരുകള്‍ ഒന്നും നല്‍കിയിട്ടില്ല. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ദേശാടനം നടത്തുന്ന ഈ പക്ഷി ജപ്പാന്‍, വടക്കന്‍ ചൈന എന്നിവിടങ്ങളില്‍ നിന്ന് മലേസ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ശൈത്യകാലത്തെത്തും. 2012ല്‍ മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ പക്ഷിയെ കണ്ടെത്തുന്നത്. പിന്നീട് കര്‍ണാടകയിലും തമിഴ്‌നാട്ടിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍ കാണുന്നത്.

RELATED STORIES

Share it
Top