സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാവുന്നു

എന്‍ എ ശിഹാബ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാവുന്നതായി പഠന റിപോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്. ശൈശവ ദശയില്‍ തന്നെ രോഗ ബാധിതരാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പകര്‍ച്ചവ്യാധികളുടെയും അനുബന്ധ അസുഖങ്ങളുടെയും ആക്കം കുറയ്ക്കാനായിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടില്ല. കേരളത്തിന് പുറമെ ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചു. കേരളത്തില്‍ മുതിര്‍ന്നവരിലും കുട്ടികളിലും ഹൃദ്രോഗവും പ്രമേഹവും വര്‍ധിച്ചതായി റിപോര്‍ട്ട് പറയുന്നു. പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. ശൈശവ ദശയില്‍ തന്നെ രോഗബാധ ഉണ്ടായിട്ടും കേരളത്തിലെ സ്ത്രീ-പുരുഷന്മാരില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നും പഠനം പറയുന്നു. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 79ലേക്കും പുരുഷന്മാരുടേത് 74ലേക്കും ഉയര്‍ന്നു. ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, തലച്ചോറിലെയും അവിടെയുള്ള രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ മുതിര്‍ന്നവരില്‍ വ്യാപകമായി. ഗര്‍ഭാവസ്ഥയിലെ പോഷകാഹാരക്കുറവ്, പ്രമേഹം, വായുമലിനീകരണം, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവ കുഞ്ഞുങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.  സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഈ വര്‍ഷം 271 പേര്‍ മരണപ്പെട്ടു. 385 പേരുടെ മരണം പകര്‍ച്ചവ്യാധി പിടിപെട്ടാണെന്ന് സംശയിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 37.47 ലക്ഷം പേര്‍ സംസ്ഥാനത്ത് ചികില്‍സ തേടി. പനിയും ജലദോഷവും വന്നാല്‍ സ്വയം ചികില്‍സിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്തസമ്മര്‍ദംപോലുള്ള അസുഖങ്ങളുള്ളവര്‍ക്കും മുമ്പ് വന്നവര്‍ക്കും ഡെങ്കിപ്പനി ഗുരുതരമാവാം. അതിനാല്‍ സ്വയംചികില്‍സ അപകടം വിളിച്ചുവരുത്തുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

RELATED STORIES

Share it
Top