സംസ്ഥാനത്ത് എടിഎം കവര്‍ച്ചാ പരമ്പര; 35 ലക്ഷം രൂപ നഷ്ടമായി

തൃപ്പൂണിത്തുറ/കോട്ടയം/ചാലക്കുടി: സംസ്ഥാനത്ത് എടിഎം കവര്‍ച്ചാ പരമ്പര. എറണാകുളത്തും കോട്ടയത്തും തൃശൂരിലുമായി നടന്ന കവര്‍ച്ചയില്‍ 35 ലക്ഷത്തിലധികം രൂപ നഷ്ടമായി. ഒരേ സംഘംതന്നെയാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലിസ് നിഗമനം.
എറണാകുളം ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎം കുത്തിപ്പൊളിച്ച് 25,05,200 രൂപയാണ് കവര്‍ന്നത്. പുതിയറോഡ് ജങ്ഷനില്‍ എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡിലെ എടിഎം ആണ് കുത്തിപ്പൊളിച്ചത്. സിസിടിവി ദൃശ്യങ്ങള്‍പ്രകാരം വെള്ളിയാഴ്ച പുലര്‍ച്ചെ 3.24നാണ് മോഷണം നടന്നത്. എടിഎം കൗണ്ടറിലെ കാമറ സ്‌പ്രേ പെയിന്റ് അടിച്ച് മറച്ചശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പണം വച്ചിരിക്കുന്ന കാഷ് ബോക്‌സ് അറുത്തുമാറ്റുകയാണ് ചെയ്തിരിക്കുന്നതന്ന് പോലിസ് പറഞ്ഞു. എടിഎം മെഷീനിലെ കാമറയില്‍ മോഷ്ടാക്കളായ ഇതരസംസ്ഥാനക്കാര്‍ എന്നു കരുതുന്ന രണ്ടുപേരുടെ ദൃശ്യങ്ങളും ഇവര്‍ വന്ന പിക്കപ്പ് വാനിന്റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുള്ളതായി ബാങ്ക് അധികൃതരും പോലിസും പറഞ്ഞു. എടിഎം തകരാറാണെന്ന് സിഗ്‌നല്‍ കിട്ടിയതിനെ തുടര്‍ന്ന് ബാങ്കിന്റെ സൂപ്പര്‍വൈസര്‍മാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസ്സിലായത്.
തൃശൂരില്‍ ചാലക്കുടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എടിഎം കുത്തിത്തുറന്ന് 10 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്തിട്ടുണ്ട്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് കവര്‍ച്ച ആദ്യം അറിഞ്ഞത്. ഷട്ടര്‍ അടഞ്ഞുകിടക്കുന്നതു കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ പൊക്കിനോക്കിയപ്പോഴാണ് കൗണ്ടര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടത്.
ബാങ്കിന് മുന്നിലെ നിരീക്ഷണ കാമറ സംഘം സ്‌പ്രേ പെയിന്റടിച്ചിട്ടുണ്ട്. മറ്റൊരു നിരീക്ഷണ കാമറയില്‍ മുഖംമൂടി ധരിച്ച മൂന്നുപേരുടെ രൂപം പതിഞ്ഞിട്ടുണ്ട്. പിക്കപ്പ് വാനില്‍ സ്ഥലം വിടുന്നതും കാമറയില്‍ തെളിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 1.20ന് എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതായും കാണുന്നുണ്ട്. ഇതിനുശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്. പുലര്‍ച്ചെ നാലുമണിയോടെ കവര്‍ച്ച നടന്നതായാണ് നിഗമനം.
അതേസമയം, കോട്ടയം കുറവിലങ്ങാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വെമ്പള്ളിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും മോനിപ്പള്ളിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എടിഎമ്മുകളിലും കവര്‍ച്ചാശ്രമമുണ്ടായി. ഇരു എടിഎമ്മുകളിലെയും സിസിടിവി കാമറകളില്‍ സ്‌പ്രേ പെയിന്റ് അടിച്ചിട്ടുണ്ട്. സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. കളമശ്ശേരി എച്ച്എംടി-മെഡിക്കല്‍ കോളജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎമ്മിലെ കാമറകളിലും സ്‌പ്രേ പെയിന്റ് അടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എല്ലായിടത്തും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

RELATED STORIES

Share it
Top