സംസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം: സര്‍വീസിലിരിക്കെ പ്രതികളാവുന്ന പോലിസുകാര്‍ക്കു വധശിക്ഷ വിധിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉരുട്ടിക്കൊലക്കേസില്‍ വിധി വന്നിരിക്കുന്നത്. വിധി കേള്‍ക്കാന്‍ പ്രഭാവതിയമ്മയും കോടതിയിലെത്തിയിരുന്നു.
സാധാരണ നടക്കുന്ന ഒരു കൊലപാതകമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും നിയമം സംരക്ഷിക്കേണ്ട പോലിസുകാര്‍ തന്നെ അതു ലംഘിച്ചിരിക്കുന്നതായും അതിനാല്‍ പ്രതികള്‍ക്ക് മാതൃകാപരമായ പരമാവധി ശിക്ഷ നല്‍കണമെന്നും ഉദയകുമാറിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പൂര്‍ണമായും അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ (28) തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സപ്തംബര്‍ 27ന് രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന നാലായിരത്തോളം രൂപ പോലിസുകാര്‍ തട്ടിയെടുത്തു. ഇത് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദയകുമാര്‍ സ്റ്റേഷനില്‍ നിന്നതോടെയാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.
ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008 ആഗസ്തിലാണ് കേസ് സിബിഐ ഏറ്റെടുത്തത്.

RELATED STORIES

Share it
Top