സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ വരുന്നു

കണ്ണൂര്‍: സമൂഹത്തിന്റെ ഇന്നലെകളെ കുറിച്ചുള്ള അറിവ് ശരിയായ ലക്ഷ്യബോധത്തോടെ പുതുതലമുറയില്‍ എത്തിക്കുകയും അവ സംരക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സ്‌കൂള്‍തലത്തില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. സംസ്ഥാന ആര്‍കൈവ് വകുപ്പിനെ ഇതിനുള്ള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നിയമിച്ചു. കണ്ണൂര്‍ കാലത്തിനൊപ്പം വികസന പരിപാടിയില്‍പ്പെടുത്തി കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഹെറിറ്റേജ് ക്ലബ് രൂപീകരിക്കും. പ്രാദേശിക ചരിത്രരചന, ഡോക്യുമെന്ററി നിര്‍മാണം, പഠനയാത്രകള്‍, ഹെറിറ്റേജ് സര്‍വേ, സ്‌കൂള്‍ ചരിത്ര മ്യൂസിയം, ഹെറിറ്റേജ് അവാര്‍ഡ്, ചരിത്ര പ്രശ്‌നോത്തരി, ചരിത്ര പ്രദര്‍ശനം, ഹെറിറ്റേജ് ക്യാംപ്, മാതൃഭാഷ സംരക്ഷണം, ആര്‍കൈവ് സന്ദര്‍ശനം എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍. ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്‌കൂളിന് ധനസഹായമായി 20,000 രൂപ ലഭിക്കും. കണ്ണൂര്‍ മണ്ഡലത്തിലെ പ്രധാനാധ്യാപകര്‍ക്കുള്ള ശില്‍പശാലയും അപേക്ഷാഫോറം വിതരണവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍കൈവ്‌സ് എംജി ജ്യോതിഷ് പരിപാടികള്‍ വിശദീകരിച്ചു. ആദ്യ അപേക്ഷ സെറ്റ് കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ വി സുരേന്ദ്രന്‍ സ്വീകരിച്ചു.  ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഹെറിറ്റേജ് ക്ലബ് രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യു കരുണാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top