സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് ഇനി ഒരേ നിറം;സമയം പുനക്രമീകരിച്ചു

ഷാനു സി  കെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാതൃകയില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ട് അതേറിറ്റി യോഗമാണ് ബസ്സുകളുടെ നിറം നിശ്ചയിച്ചത്. ബസ്സുകളുടെ സര്‍വീസ് പ്രകാരം സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് എന്നിങ്ങനെ തരംതിരിച്ചാണ് നിറം നല്‍കുക. ഇതുപ്രകാരം സിറ്റി, ടൗണ്‍ സര്‍വീസുകള്‍ക്ക് മൂന്നു വെള്ള വരകളോടുകൂടിയ പച്ച നിറമാണ് നല്‍കുക. ഓര്‍ഡിനറി ബസ്സുകള്‍ക്ക് നീലയില്‍ മൂന്ന് വെള്ളവരകളും നല്‍കും. ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് മുന്നു വെള്ള വരകളുള്ള മെറൂണ്‍ നിറമാണ്. റോഡപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡിലെ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിറങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിഷ്‌കാരം. ഏകീകൃതനിറം കൊണ്ടുവന്നാല്‍ ഇതര സംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കുമെല്ലാം പെട്ടെന്ന് ബസ് തിരിച്ചറിയാനും കഴിയും. പുതിയ പരിഷ്‌കാരം നടപ്പാവുന്നതോടെ ബസ്സുകള്‍ക്ക് നിലവിലെ നിറം മാറ്റാന്‍ ഫിറ്റ്‌നസ് വരെ സമയം അനുവദിക്കും. അതേസമയം, ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്ഥയും പരിഗണിച്ച് ബസ്സുകളുടെ നിലവിലെ സമയക്രമവും പുനക്രമീകരിച്ചു.  ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് ഒന്നരമിനിറ്റില്‍ നിന്നും ഒന്നേമുക്കാല്‍ മിനിറ്റായി പുനക്രമീകരിച്ചു. ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് ജില്ലകളില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് രണ്ടേകാല്‍ മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top