സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് വിതരണം താളംതെറ്റുന്നു

നിഖില്‍  എസ്  ബാലകൃഷ്ണന്‍
കൊച്ചി: പുതിയ കാര്‍ഡുകള്‍ അച്ചടിച്ചുകിട്ടുന്നതിലെ കാലതാമസം സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ താളംതെറ്റിക്കുന്നു. വിവിധ ജില്ലകളിലായി 50,000 ഓളം റേഷന്‍ കാര്‍ഡുകള്‍ ഇനിയും അച്ചടിച്ചെത്തിയിട്ടില്ല. സംസ്ഥാനത്താകെയുള്ള 14,535 റേഷനിങ് ഓഫിസുകള്‍ വഴി 80 ലക്ഷം കാര്‍ഡുകളാണ് നല്‍കേണ്ടത്. റേഷന്‍ കാര്‍ഡിലെ വിവരങ്ങളുടെ പിശകുമൂലം വീണ്ടും അച്ചടിക്കേണ്ടിവന്ന കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.
ജനുവരി അവസാനത്തോടെ കാര്‍ഡുകള്‍ അച്ചടിച്ചെത്തുമെന്നും ഫെബ്രുവരിയില്‍ വിതരണം പൂര്‍ത്തിയാക്കുമെന്നുമാണ് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇനിയും 50,000 കാര്‍ഡുകള്‍ അച്ചടിച്ചെത്താനുണ്ട്. എത്തിയ കാര്‍ഡുകളെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇനി കാര്‍ഡുകള്‍ എത്തുമ്പോള്‍ വിതരണപ്രക്രിയ ഒന്നുമുതല്‍ക്കെ ആരംഭിക്കേണ്ടിവരുമെന്നത് ജോലി ഇരട്ടിയാക്കും. പുതുക്കിയ കാര്‍ഡിനുള്ള അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തി അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനിടയില്‍ വീണ്ടും കാര്‍ഡ് വിതരണം ആരംഭിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന്് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുതിയ കാര്‍ഡ് വിതരണം ആരംഭിച്ചത്. എറണാകുളം ജില്ലയില്‍ 7,92,562 കാര്‍ഡുകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യാന്‍ എത്തിച്ചു. ഇതില്‍ 7, 76,616 കാര്‍ഡുകളാണ് വിവിധ താലൂക്ക്, സിറ്റി റേഷനിങ് ഓഫിസുകളുടെ പരിധിയില്‍ വിതരണം ചെയ്തത്. ജില്ലയിലെ 1345 റേഷന്‍ കടകളിലെ കണക്കുകളാണിത്. ഇതിനിടയില്‍ അച്ചടിച്ചെത്തിച്ചിട്ടും അവകാശികള്‍ എത്താത്തതിനെ തുടര്‍ന്ന് 80,000 ഓളം കാര്‍ഡുകള്‍ സംസ്ഥാനത്തെ വിവിധ റേഷനിങ് ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ കണക്ക് പരിശോധിച്ചാല്‍ സിറ്റി റേഷനിങ് ഓഫിസ് 565, കൊച്ചി സിറ്റി റേഷനിങ് ഓഫിസ് 704, കണയന്നൂര്‍ 2710, കൊച്ചി 413, ആലുവ 1414, പറവൂര്‍ 457, കുന്നത്തുനാട് 2883, കോതമംഗലം 781, മൂവാറ്റുപുഴ 1144 കാര്‍ഡുകള്‍ ഇതുവരെയും ഉടമകള്‍ കൈപ്പറ്റിയിട്ടില്ല.
രണ്ടാം ഘട്ടത്തില്‍ പുതിയ റേഷന്‍ കാര്‍ഡിനായി പതിനായിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍, റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ആര്‍സിഎംഎസ് മരവിപ്പിച്ചതിനാല്‍ പുതിയ കാര്‍ഡിനു പകരം താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍, ഇതുവരെ കാര്‍ഡ് സ്വന്തമായി ലഭിക്കാത്തവര്‍ എന്നിവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ അപേക്ഷ നല്‍കാന്‍ അവസരമുള്ളത്.

RELATED STORIES

Share it
Top