സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വെറ്ററിനറി ഓഫിസര്‍മാരെ നിയമിച്ചു

നിലമ്പൂര്‍: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വനം വകുപ്പ് വെറ്ററിനറി ഓഫിസര്‍മാരെ നിയമിച്ചു. പ്രത്യേക പരിശീലനം നല്‍കിയാണ് ഇവരുടെ നിയമനം.
ആക്രമണ സ്വഭാവം കാണിക്കുന്ന കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യജീവികളെ നിരന്തരം നിരീക്ഷിച്ച് ഇതുമായി ബന്ധപ്പെട്ടുള്ള റിപോര്‍ട്ട് യഥാസമയം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയാണ് ഇവരുടെ മുഖ്യ ചുമതല. കൂടാതെ കൃഷി നാശം വരുത്തുന്ന  കുരങ്ങ്, കാട്ടുപന്നി, മാന്‍ തുടങ്ങിയവയെ നിരീക്ഷിക്കുകയും കൃഷിനാശത്തിന്റെ തോത്, സ്ഥലം, കാരണം എന്നിവയും ഇവര്‍ ശേഖരിക്കും.
വന്യജീവികള്‍ നിരന്തരം കൃഷിയിടങ്ങളിലേക്കിറങ്ങുന്നതിന്റെ കാരണവും ഇവര്‍ പഠിക്കും. ഭക്ഷണവും വെള്ളവും തേടിയാണ് വന്യജീവികള്‍ നിരന്തരം കൃഷിയിടങ്ങളിലേക്കിറങ്ങുന്നതിന് കാരണമെന്ന് നേരത്തെയുളള പഠനത്തില്‍ കണ്ടെത്തിയിരുന്നു. വിവിധ കാരണങ്ങളാല്‍ പരിക്കേല്‍ക്കുന്ന മൃഗങ്ങള്‍ക്ക് ചികിത്സ നല്‍ക്കുക, വന്യജീവികളുടെ ജഢം പോസ്റ്റ് മോര്‍ട്ടം നടത്തുക തുടങ്ങിയവക്കും ഇവരുടെ സേവനം ലഭ്യമാകും. ആവശ്യ സമയങ്ങളില്‍ വനം വകുപ്പിന്റെ വാഹനം ഇവര്‍ക്ക് ഉപയോഗിക്കാം.
സംസ്ഥാനത്ത് തിരുവനന്തപുരം,വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ വനം വകുപ്പിന് വെറ്ററിനറി ഓഫിസര്‍മാരാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വന്യജീവി ശല്യം നേരിടുന്ന മലപ്പുറം ജില്ലയില്‍ വയനാട് വെറ്ററിനറി ഡോക്ടറുടെ സേവനമാണ് ലഭിച്ചിരുന്നത്. ഡെപ്യൂട്ടേഷനിലാണ് ഇവരുടെ നിയമനം. പല കാരണങ്ങളാല്‍ ഇവരുടെ സേവനം ലഭ്യക്കാതെ വരുമ്പോള്‍ തദ്ദേശസ്വയംഭരണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരെയാണ് വനം വകുപ്പ് ആശ്രയിച്ചിരുന്നത്. ഓരോ ജില്ലയിലെയും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസുകള്‍ കേന്ദ്രീകരിച്ചാവും ഇവരുടെ സേവനമുണ്ടാവുക.
ജില്ലകള്‍ കേന്ദ്രീകരിച്ച് വനം വകുപ്പിന് സ്വന്തമായി വെറ്ററിനറി ഓഫിസര്‍മാരെ നിയമിച്ചത് വനം വകുപ്പിന് ഏറെ ആശ്വാസകരമാവും. ഡോ. കെ എന്‍ നൗഷാദലിയാണ് നിലമ്പൂരില്‍ ചുമതലയേറ്റത്. ഇദ്ദേഹം നേരത്തെ തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിലെ വെറ്ററിനറി ഡോക്ടറായിരുന്നു.

RELATED STORIES

Share it
Top