സംസ്ഥാനത്തെ ആദ്യ പിങ്ക് വാഷ്‌റൂം മഞ്ചേരി ഗേള്‍സ് സ്‌കൂളില്‍

മഞ്ചേരി: വിദ്യാര്‍ഥികളില്‍ ശുചിത്വ ശീലം ഉറപ്പാക്കാന്‍ വിഭാവനം ചെയ്ത പിങ്ക് വാഷ്‌റൂം സംസ്ഥാനത്താദ്യമായി  മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. വിദ്യാര്‍ഥിനി സൗഹൃദ ശുചിമുറികള്‍ വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ പൊതുമേഖല വിദ്യാലയങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറികള്‍ ഒരുക്കിയിട്ടില്ല.
പുല്ലഞ്ചേരി ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സാമൂഹികപ്രതിബന്ധത ഫണ്ട് ഉപയോഗപ്പെടുത്തി 99 പോസിറ്റീവ് സര്‍കിള്‍ കൂട്ടായ്മയാണ് പിങ്ക് വാഷ് റൂം എന്ന ആശയം മഞ്ചേരിയില്‍ നടപ്പിലാക്കിയത്. അത്യാധുനിക മാതൃകയില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയത്തില്‍ പത്ത് യൂറോപ്യന്‍ ശുചിമുറികള്‍ക്കു പുറമെ ഹെല്‍ത്ത് ഫോസെറ്റുകള്‍, അംഗപരിമിതകളായ പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക ശുചിമുറികള്‍, വസ്ത്രം മാറുന്നതിനുള്ള സുരക്ഷിത മുറികള്‍, വേഗത്തില്‍ വൃത്തിയാക്കാനുപകരിക്കുന്ന ആധുനിക വാഷ് ബേസിനുകള്‍, സാനിറ്ററി നാപിക്‌നുകള്‍ ലഭിക്കുന്ന ഓട്ടോമാറ്റിക്ക് വൈന്റിംഗ് മെഷീന്‍, ഉപയോഗിച്ച നാപിക്‌നുകള്‍ കത്തിച്ചുകളയുന്നതിനുള്ള ഓട്ടോമാറ്റിക്ക് ഇന്‍സിനിയേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
മഞ്ചേരി ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2000ലേറെ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ 75 വിദ്യാര്‍ഥിനികള്‍ അംഗപരിമിതരായുണ്ട്. മറ്റു വൈകല്യങ്ങള്‍ നേരിടുന്നവര്‍ വേറേയും. ഇവര്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കും വിധം ആരോഗ്യം, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, ആര്‍ത്തവകാല ശുചിത്വ ബോധം, സാമൂഹിക പ്രതിബന്ധത ,പശ്ചാതല സൗകര്യ വികസനം, സ്വച്ഛ് ഭാരത് അഭിയാന്‍  തുടങ്ങിയ ഘടകങ്ങള്‍ കോര്‍ത്തിണക്കിയതാണ് പിങ്ക് വാഷ് റൂം എന്ന ആശയം പ്രാവര്‍ത്തികമാക്കിയതെന്ന് പദ്ധതിക്ക് രൂപം നല്‍കിയ കോര്‍പറേറ്റ് സ്ട്രാറ്റജിസ്റ്റ് ഗിരീഷ്ദാമോദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിങ്ക് വാഷ് റൂമിന്റെ ഉദ്ഘാടനം നാളെ 10മണിക്ക് അയോധനകലയിലയില്‍ കേരളത്തിന്റെ അഭിമാനമായ പത്മശ്രീ കടത്തനാട്ട് മീനാക്ഷി ഗുരുക്കള്‍ നിര്‍വഹിക്കും. അഡ്വ: എം ഉമ്മര്‍ എംഎല്‍എ കടത്തനാട്ട് മീനാക്ഷി ഗുരുക്കളെ ആദരിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഐഡിയ ഫാക്ടറി കോഡിനേറ്റര്‍ നാസര്‍ മഞ്ചേരി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ്  സി പി മുസ്തഫ, പ്രിന്‍സിപ്പല്‍ കെ പി ജയശ്രി, പോസിറ്റീവ് സര്‍ക്കിള്‍ അധ്യക്ഷന്‍ ഭാരത്ദാസ്, കോര്‍പറേറ്റ് സ്ട്രാറ്റജിസ്റ്റ് ഗിരീഷ്ദാമോദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top