സംസ്ഥാനത്തെ ആദ്യ നോക്കുകൂലി വിമുക്ത ജില്ലയായി മലപ്പുറം

മലപ്പുറം: സംസ്ഥാനത്തെ ആദ്യ നോക്കുകൂലി വിമുക്ത ജില്ലയായി മലപ്പുറം. തൊഴിലുടമ, തൊഴിലാളി സംഘടനാ നേതാക്കള്‍, തൊഴില്‍വകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരാര്‍ ഒപ്പുവച്ചത്. മെയ് ഒന്നിനാണ് സംസ്ഥാനത്തെ നോക്കുകൂലി വിമുക്തമാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഇതിനു ശേഷം ജില്ലയില്‍ ഇതുസംബന്ധമായി ഒരു പരാതി മാത്രമാണുണ്ടായത്. നിലമ്പൂരില്‍ നിന്നു വന്ന പരാതിയില്‍ അടിയന്തര ഇടപെടലിലൂടെ പണം തിരിച്ചുനല്‍കിച്ച് തീര്‍പ്പാക്കിയെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നോക്കുകൂലി നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. തൊഴിലാളി സംഘടനാ നേതാക്കള്‍ ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയെ കലക്ടര്‍ അഭിനന്ദിച്ചു. 251 ഇനങ്ങളുടെ കയറ്റിറക്ക് കൂലി നിശ്ചയിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു ലേബര്‍ ഓഫിസില്‍ നിന്നു സൗജന്യമായി ലഭ്യമാവും. ഇതിനു വിരുദ്ധമായി അമിതകൂലി ആവശ്യപ്പെടുന്ന പക്ഷം ലേബര്‍ ഓഫിസിലെ 04832734814 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇത്തരം തൊഴിലാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. നേരത്തെ അസംഘടിത മേഖലയില്‍ ഏകീകൃത കയറ്റിറക്ക് കൂലി നിലവില്‍ വന്നത് മലപ്പുറം ജില്ലയിലാണ്.

RELATED STORIES

Share it
Top