സംസ്ഥാനത്തിന്റെ ഡിജിപി ആര് ? അവകാശം നിഷേധിക്കുന്നതായി പ്രതിപക്ഷംതിരുവനന്തപുരം: കേരളത്തിന്റെ ഡിജിപി ആരെന്ന ചോദ്യത്തിന് നിയമസഭയില്‍ ഉത്തരം നല്‍കാനാവാതെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി. പ്രതിപക്ഷത്തുനിന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇക്കാര്യം പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി നല്‍കിയത്. കേരള പോലിസിന് ഒരു നല്ല നാഥന്‍തന്നെയുണ്ടാവും. ആര്‍ക്കും അതില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് മാത്രമായിരുന്നു മുഖ്യന്റെ വിശദീകരണം. രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് അവതരിപ്പിക്കുന്ന വേളയിലും പ്രതിപക്ഷം ഇതേ ചോദ്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷത്തുനിന്ന് സംസാരിച്ച ഭൂരിഭാഗം പേരും ചോദ്യം ആവര്‍ത്തിച്ചത്. എന്നാല്‍, ഉത്തരം നല്‍കാതെ 40 മിനിറ്റ് നീണ്ട മറുപടിപ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചു. മുഖ്യമന്ത്രി ജനപ്രതിനിധികള്‍ക്ക് അറിയാനുള്ള അവകാശംപോലും നിഷേധിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വസ്തുതകള്‍ പഠിക്കാതെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയുന്നത്. ജനപ്രതിനിധികളുടെ ചോദ്യത്തിന് മറുപടി പറയാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ പറഞ്ഞു. നാഥനില്ലാ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയാണ് സഭയില്‍ നടന്നതെന്ന് കെ സി ജോസഫ് ആരോപിച്ചു.

RELATED STORIES

Share it
Top