സംസ്ഥാനത്തിനു സഹായവുമായി കേന്ദ്രഭരണ പ്രദേശത്തെ വിദ്യാലയവും

പത്തനംതിട്ട: പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു കൈത്താങ്ങുമായി കേന്ദ്രഭരണ പ്രദേശവും. ഗുജറാത്തിന് സമീപമുള്ള ദാദ്ര നഗര്‍ ഹവേലി സില്‍വാസിയിലെ ലയണ്‍സ് ഇംഗ്ലീഷ് സ്‌കൂളിലെ അധ്യാപകരുടെ ഒരു മാസത്തെ ശമ്പളവും കൂടാതെ മറ്റ് ജീവനക്കാര്‍ നല്‍കിയ സംഭാവനയും ഉള്‍പ്പെടെ 3,50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നല്‍കി. മന്ത്രി മാത്യു ടി തോമസിനു തുകയടങ്ങിയ ചെക്ക് നഗര്‍ ഹവേലി മലയാളി അസോസിയേഷ ന്‍ പ്രതിനിധി ജോര്‍ജ് തോമസ് കൈമാറി.
കേരളം പ്രളയബാധിതമായത് മുതല്‍ സഹായഹസ്തവുമായി ദാദ്ര നഗര്‍ ഹവേലിയും രംഗത്തുണ്ടായിരുന്നു. ദാദ്ര നഗര്‍ ഹവേലി എംപി നാദുബായി ജി പാട്ടീല്‍ അദ്ദേഹത്തിന്റെ എംപി ഫണ്ടില്‍ നിന്നും പ്രളയം ഏറെ ബാധിച്ച പത്തനംതിട്ട ജില്ലയ്ക്ക് മാത്രമായി ഒരു കോടി രൂപ നല്‍കിയിരുന്നു. കൂടാതെ പ്രളയബാധിതമായ ജില്ലകളിലേക്കായി എട്ട് ട്രക്ക് നിറയെ അവശ്യവസ്തുക്കള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ എത്തിച്ചിരുന്നു.
മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എട്ടു ലക്ഷത്തോളം രൂപ ശേഖരിച്ചിട്ടുണ്ട്. ഈ തുക ഉടന്‍തന്നെ കൈമാറുമെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.

RELATED STORIES

Share it
Top