സംസ്ഥാനതല സമാപനം മെയ് 31ന്

തിരുവനന്തപുരത്ത്;  കനകക്കുന്നില്‍ ഉല്‍പന്ന പ്രദര്‍ശന വിപണനമേളതിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം മെയ് 31ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ ആലോചിക്കുന്നതിനായി സെക്രട്ടേറിയറ്റ് അനക്‌സ് ഹാളില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 24 മുതല്‍ 31 വരെ കനകക്കുന്നില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ ഉല്‍പന്ന പ്രദര്‍ശന വിപണനമേള നടക്കും. സംസ്ഥാനത്തെ നാടന്‍ ഭക്ഷണങ്ങളുടെ കലവറ തുറക്കുന്ന വിപുലമായ ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് നടക്കും. സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഏഴുദിവസങ്ങളിലായി സാംസ്‌കാരിക കലാപരിപാടികള്‍ അരങ്ങേറും. കുടുംബശ്രീ, വനംവകുപ്പ്, കയര്‍, മല്‍സ്യഫെഡ്, വ്യവസായ വകുപ്പ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, അനെര്‍ട്ട്, സിവില്‍ സപ്ലൈസ്, ആര്‍ട്ടി സാന്‍സ് കോര്‍പറേഷന്‍, ഹാന്റിക്രാഫ്റ്റ്‌സ്, ഖാദി, വനിത വികസന കോ ര്‍പറേഷന്‍, ബുക്ക് മാര്‍ക്ക്, ടൂറിസം, സഹകരണ സംഘങ്ങള്‍, വാസ്തുവിദ്യ ഗുരുകുലം, ലളിതകല അക്കാദമി, ഹരിതകേരളം മിഷന്‍, ഐടി വകുപ്പ്, പിന്നാക്ക വികസന കോര്‍പറേഷന്‍, എസ്‌സിഎസ്ടി വകുപ്പിന്റെ സ്വാശ്രയസഹകരണ സംഘങ്ങള്‍, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, എസ്പിസിഎസ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെയടക്കം എണ്‍പതിലധികം സ്റ്റാളുകള്‍ മേളയിലുണ്ടാവും.
പരിപാടികളുടെ മുഖ്യസംഘാടന ചുമതല ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ്. വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 18 ന് കണ്ണൂരാണ് നടക്കുക. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മെയ് 18ന് കഴക്കൂട്ടത്ത് നടക്കും. ജില്ലാതല പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി 16ന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേരും. മേയര്‍ വികെ പ്രശാന്ത്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി വേണുഗോപാല്‍, വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top