സംവരണ പ്രക്ഷോഭം: മറാത്ത ബന്ദില്‍ അക്രമം

മുംബൈ: സംവരണ പ്രക്ഷോഭം തുടരുന്ന ഔറംഗബാദ് ജില്ലയടക്കമുള്ള മറാത്തവാദ മേഖലകളില്‍ സമരക്കാര്‍ പ്രഖ്യാപിച്ച ബന്ദ് അക്രമാസക്തമായി. കഴിഞ്ഞദിവസം സമരത്തിനിടെ ഗോദാവരിയില്‍ ചാടി പ്രക്ഷോഭകനായ ഷിന്‍ഡെ മരിച്ചതിനെ തുടര്‍ന്നാണു മറാത്ത സകല്‍ സമാജ് സംസ്ഥാനത്തു ബന്ദിന് ആഹ്വാനം ചെയ്തത്.
തെരുവിലിറങ്ങിയ സമരക്കാര്‍ സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ തീവച്ചു നശിപ്പിക്കുകയും കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു. രണ്ടുപേര്‍ ഗോദാവരി നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പ്രധാന മറാത്തന്‍ ശക്തികേന്ദ്രങ്ങളില്‍ ബന്ദ് അക്രമാസക്തമായി.
പോലിസുമായി ഏറ്റുമുട്ടിയ സമരക്കാര്‍ പോലിസ് ജീപ്പും അഗ്നിശമന സേനയുടെ വാഹനങ്ങളും തകര്‍ത്തു. ഈ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. മേഖലയില്‍ കലാപം വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.
അക്രമം ശക്തമായതോടെ സംസ്ഥാനത്തെ 75 ശതമാനം പോലിസിനെയും മറാത്തശക്തി കേന്ദ്രങ്ങളില്‍ വിന്യസിച്ചതായി പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ബിപിന്‍ ബിഹാരി അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ റിസര്‍വ് പോലിസിനെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ശിവസേന എംപിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായെന്നും റിപോര്‍ട്ടുണ്ട്. മറാത്തവാദ മേഖലകളില്‍ ഒഴികെ സംസ്ഥാനത്ത് ബന്ദ് സമ്മിശ്ര പ്രതികരണം ഉളവാക്കി. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ സ്‌കൂളുകളും കോളജുകളും തുറന്നു. ഗതാഗതം സാധാരണനിലയിലായിരുന്നു. അതേസമയം, ഇന്നും സമരസമിതി സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top