സംവരണ നയംവാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: ഹിന്ദു സമുദായ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുമായി ബന്ധപ്പെടുത്തി സര്‍ക്കാരിന്റെ സംവരണ നയത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതവും ജനങ്ങളില്‍ തെറ്റിദ്ധാരണയുളവാക്കാന്‍ കെട്ടിച്ചമച്ചതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംവരണം സംബന്ധിച്ച് എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിത നിലപാട് അര്‍ഥശങ്കയ്ക്ക് ഇടമില്ലാതെയാണ് ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുന്ന ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി. ഹിന്ദു സമുദായാംഗങ്ങള്‍ക്ക് മാത്രമാണ് ദേവസ്വം ബോര്‍ഡിലെ നിയമനം. അതിനാല്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ബാധകമല്ല. അതില്‍ 10 ശതമാനം മുന്നാക്കസമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ഈ തീരുമാനം നടപ്പാക്കുന്നതിനുള്ള ചട്ടഭേദഗതികള്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതെല്ലാം മറച്ചുവച്ച് തെറ്റിദ്ധാരണ പരത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും ഓഫിസ് അറിയിച്ചു.

RELATED STORIES

Share it
Top