സംവരണത്തില്‍ പൊളിച്ചെഴുത്ത് വേണം; സുപ്രിംകോടതിയെ സമീപിക്കുമെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: അശാസ്ത്രീയ സംവരണ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് വേണമെന്നും ഇതിനായി സുപ്രിംകോടതിയെ സമീപിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. 141ാമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തുല്യസമത്വം വേണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും പാവപ്പെട്ടവനു സംവരണം ലഭിച്ചിട്ടില്ലെന്നും അവരെ മുന്നില്‍ നിര്‍ത്തി എന്‍എസ്എസിനെ കല്ലെറിയാനാണ് പലര്‍ക്കും താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടികളുടേയും ആഭ്യന്തരകാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെടാറില്ല. അതുപോലെ എന്‍എസ്എസില്‍ ഇടപെടാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കു ഒരു നിവേദനം നല്‍കിയപ്പോള്‍ ആവശ്യം ന്യായമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ആവശ്യം നടപ്പാക്കിയില്ലെങ്കില്‍ ദേവസ്വം ബോര്‍ഡില്‍ സംവരണം വേണ്ട എന്നുതന്നെ തങ്ങള്‍ ആവശ്യപ്പെടുമെന്നും  അദ്ദേഹം പറഞ്ഞു. അതേസമയം, പെരുന്നയില്‍ ആരംഭിച്ച മന്നം ജയന്തി ആഘോഷ പരിപാടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രമേയം.  മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹൈന്ദവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ അഭനന്ദിച്ചാണ് പ്രമേയം പാസാക്കിയത്.

RELATED STORIES

Share it
Top