സംവരണത്തിന് വര്‍ഗം അടിസ്ഥാനമാക്കണം എന്‍എസ്എസ് ഹരജി ഈ മാസം പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: സംവണം നല്‍കുന്നതിനുള്ള പിന്നാക്ക വിഭാഗക്കാരെ നിശ്ചയിക്കുന്നതിനു ജാതിക്കു പകരം വര്‍ഗം അടിസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ഈ മാസം അവസാനത്തോടെ പരിഗണിക്കും.
സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജിയില്‍ എന്‍എസ്എസ് ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഇവയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 16(4) അനുച്ഛേദ പ്രകാരം പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെ കണ്ടത്തേണ്ടതുണ്ട്. എന്നാല്‍ ഇത് ജാതി അടിസ്ഥാനപ്പെടുത്തിയാവരുത്. ജാതികള്‍ക്കുള്ളില്‍ ഉള്ള പ്രത്യേക വിഭാഗക്കാരെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനു ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങള്‍ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണം. അര്‍ഹതയുള്ളവര്‍ക്ക് മാത്രം സംവരണം ഉറപ്പാക്കുന്നതിനും എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനുമായി നിയമങ്ങള്‍, ചട്ടങ്ങള്‍, ഉത്തരവുകള്‍ എന്നിവയില്‍ ആവശ്യങ്ങളും ഭേദഗതികളും വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണം.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലാവസ്ഥയെ ക്ഷയിപ്പിക്കുമെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം, ജാതി സംവരണത്തിനെതിരേ എന്‍എസ്എസ് നല്‍കിയ ഹരജി നിയമപരമായി നേരിടുമെന്ന് എസ്എന്‍ഡിപി. ഇതിനായി നിയമത്തിന്റെ ഏതെറ്റവരേയും പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും വെള്ളാപ്പള്ളി അറിയിച്ചു.

RELATED STORIES

Share it
Top