സംവരണം: ഇടതിന്റെ ഇരട്ടത്താപ്പ്

സംവരണ സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നയമാണ് ഇടതുപക്ഷത്തിനുള്ളതെന്ന വിമര്‍ശനം ബലപ്പെടുത്തുന്ന നടപടികളാണ് ഇടതുമുന്നണി കൈക്കൊണ്ടുവരുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്കസംവരണം വേണമെന്ന സര്‍ക്കാര്‍ നിലപാട് സംവരണ വിഭാഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനുള്ള ശ്രമമെന്ന നിലയ്ക്കാണ് പ്രസ്തുത നീക്കം എതിര്‍ക്കപ്പെട്ടത്.
1957 മുതലേ സാമ്പത്തിക സംവരണത്തോടായിരുന്നു സിപിഎമ്മിനു പഥ്യം. സംവരണത്തിന്റെ ഭരണഘടനാപരമായ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ് സിപിഎമ്മിന്റേത്. സംവരണം വ്യക്തിക്കല്ല, പിന്നാക്കാവസ്ഥ നേരിടുന്ന സമുദായത്തിനാണെന്നത് അവിതര്‍ക്കിതമാണ്. ദാരിദ്ര്യനിര്‍മാര്‍ജനമോ തൊഴില്‍ദാനപദ്ധതിയോ അല്ല, പുറന്തള്ളപ്പെട്ടുപോയവര്‍ക്കുള്ള അധികാര പ്രാതിനിധ്യമാണ് സംവരണത്തിന്റെ ലക്ഷ്യമെന്നതും സുവ്യക്തമാണ്. എന്നിട്ടും വിതണ്ഡവാദങ്ങളുയര്‍ത്തി സംവരണത്തിനെതിരേ പടവാളോങ്ങാനാണ് സിപിഎം ശ്രമിച്ചത്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മേല്‍ത്തട്ട് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംവരണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നു എന്ന ഗുരുതരമായ വിവരമാണ്. സംവരണ വിഭാഗങ്ങള്‍ക്കു മേല്‍ത്തട്ട് സംവിധാനം കൊണ്ടുവന്നതു തന്നെ സംവരണതത്ത്വത്തില്‍ വെള്ളംചേര്‍ക്കലാണ്. എന്നിരുന്നാലും കാലാകാലങ്ങളില്‍ മേല്‍ത്തട്ട് പരിധി പുനര്‍നിര്‍ണയിക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്നുവെന്നത് അത്രയും ആശ്വാസകരം. സപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം മേല്‍ത്തട്ട് പരിധി എട്ടു ലക്ഷമാക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ച് സര്‍ക്കാര്‍ പൂഴ്ത്തിവച്ചത്. കേന്ദ്രനിയമനങ്ങളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമ്പോള്‍ ഉത്തരവ് നടപ്പാക്കാത്തതുമൂലം സംസ്ഥാനത്ത് മേല്‍ത്തട്ട് പരിധി 2013 മുതലുള്ള ആറു ലക്ഷം രൂപ തന്നെയായി തുടരും. തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ സംവരണാനുകൂല്യങ്ങള്‍ അര്‍ഹമായവര്‍ക്ക് ഇതുമൂലം തടയപ്പെടും. നഗ്നമായ സംവരണ അട്ടിമറിയാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നതിന് മറ്റു തെളിവുകളുടെ ആവശ്യമില്ല.
ഇപ്പോഴിതാ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി(കെഎഎസ്)ലും സംവരണ അട്ടിമറിക്കുള്ള അണിയറനീക്കങ്ങള്‍ നടക്കുന്നു. ഇന്നു മുതല്‍ കെഎഎസ് നിലവില്‍വരുകയാണ്. സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള സിവില്‍ സര്‍വീസ് പരിഷ്‌കാരമാണിത്. ഇതു നടപ്പാക്കുമ്പോള്‍ അവശ്യം പരിഗണിക്കേണ്ട ഒന്നാണ് സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം. ഇക്കാര്യത്തില്‍ തികഞ്ഞ ആശങ്കയും അവ്യക്തതയും നിലനിര്‍ത്തിക്കൊണ്ടാണ് കെഎഎസ് നിലവില്‍വരുക. പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങള്‍ അടങ്ങുന്ന വലിയൊരു ജനവിഭാഗത്തിന്റെ അധികാരപങ്കാളിത്തത്തെയാണ് ഇടതുസര്‍ക്കാര്‍ പുറംകാല്‍ കൊണ്ട് തട്ടിയെറിയുന്നത്. മെറിറ്റ് അട്ടിമറിയിലൂടെ പിന്നാക്ക പ്രാതിനിധ്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച അതേ സവര്‍ണ സൃഗാലതന്ത്രമാണ് സര്‍ക്കാരിന്റെ സംവരണനയങ്ങളിലും പ്രകടമാവുന്നത്.

RELATED STORIES

Share it
Top