സംവരണം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നു;കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി. രാജ്യത്ത് സംവരണം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ഇതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഉത്തര്‍പ്രദേശിലെ ബഹ്‌റൈചില്‍ നിന്നുള്ള ബിജെപി എംപി സാവിത്രി ഭായ് ഫൂലെ ആരോപിച്ചു. സംവരണത്തിനെതിരായി ബിജെപിയില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിനെ എതിര്‍ക്കാന്‍ ഏപ്രില്‍ ഒന്നിന് ലഖ്‌നൗവില്‍ 'ആരക്ഷണ്‍ ബച്ചാവോ റാലി' സംഘടിപ്പിക്കും. സംവരണം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പല്ലും നഖവും ഉപയോഗിച്ച് ചെയുറുക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയും ജനങ്ങളും എന്തുപറഞ്ഞാലും സംവരണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടം തുടരുമെന്നും ഫൂലെ പറഞ്ഞു.ഭരണഘടന മാറ്റാനാണ് തങ്ങള്‍ വന്നതെന്ന് ചിലര്‍ ചിലപ്പോള്‍ പറയുന്നുണ്ട്. ഇത് സംവരണം അവസാനിപ്പിക്കാനുള്ള വേഷം മാറ്റിയ നടപടികളാണ്. സംവരണവും ഭരണഘടനയും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ജനങ്ങളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാനാകുമെന്നും ഫൂലെ ചോദിച്ചു.
സംവരണ നയം പുനപരിശോധിക്കണമെന്ന് നേരത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, രാജ്യത്തെ ഭരണഘടന മാറ്റാനാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയും പറഞ്ഞിരുന്നു. ഈ പ്രസ്താവകള്‍ക്കെല്ലാമുള്ള മറുപടിയെന്നോണമാണ് സാവിത്രിഭായ് ഫൂലെയുടെ പ്രതികരണം.

RELATED STORIES

Share it
Top