സംരക്ഷിക്കാന്‍ ആളില്ല; രണ്ടുപേരെ സാമൂഹികനീതിവകുപ്പ് ഏറ്റെടുത്തു

കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലില്‍ അനാഥരും അശരണരുമായി കിടക്കുന്നവരെ സബ്ജഡ്ജും ലീഗല്‍ സര്‍വീസ് സെക്രട്ടറിയുമായ ജയരാജ്, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ അനീറ്റ എസ് ലിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങ ള്‍ നടത്തുന്നതിനായി ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗ തീരുമാനത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ഉറ്റവരില്ലാതെ കഴിയുന്ന 16 പേരുമായും സംഘം ആശയവിനിമയം നടത്തുകയും ഓരോരുത്തരുടെയും ആഗ്രഹപ്രകാരം പുനരധിവാസ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
നിലവില്‍ ചികില്‍സപൂര്‍ത്തീകരിച്ചിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുള്ള നാലു പേരുടെ പുനരധിവാസ പ്രവര്‍ത്തനമാണ് വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ചികില്‍സ പുര്‍ത്തീകരിച്ച കണ്ണൂര്‍ സ്വദേശിയായ ബാബുവിനെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തലും ഭിന്നശേഷിക്കാരനും കര്‍ണാടക സ്വദേശിയുമായ അശോക് ബാബുവിനെ സര്‍ക്കാര്‍ ഭിന്നശേഷി സദനത്തിലും പ്രവേശിപ്പിച്ചു. കൂടാതെ അസുഖം ഭേദമായ രാമസ്വാമി, ബേബി വിനോദിനി എന്നവരെ സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന ഹോം ഓഫ് ലവ് എന്ന സ്ഥാപനം ലോക വയോജന സംരക്ഷണദിനമായ ഒക്ടോബര്‍ ഒന്നിന് ഏറ്റെടുക്കും. മെച്ചപ്പെട്ട ചികില്‍സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കും എന്ന് അറിഞ്ഞ് ചികില്‍സക്ക് എത്തിയ ആന്ധ്ര പ്രദേശ് സ്വദേശിയായ ദുര്‍ഗാസ്വാമിയും വാഹനാപകടത്തെ തുടര്‍ന്ന് കൈക്ക് ചികില്‍സ തേടിയെത്തിയ ബേപ്പൂര്‍ സ്വദേശി രവീന്ദ്രനും ചികില്‍സപൂര്‍ത്തിയായാല്‍ തിരികെ സ്വന്തം സ്ഥലത്ത് തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലെന്നും സംഘത്തെ അറിയിച്ചു.
വടകര സ്വദേശിനിയായ ആസിയയെ ഗള്‍ഫില്‍ ഉള്ള മക്കള്‍ ഏറ്റെടുക്കാമെന്നും ബാലകൃഷ്ണന്‍ എന്നവരെ 32 വര്‍ഷമായി കൂടെ താമസിച്ചിരുന്ന അഭ്യുദയ കാംക്ഷികള്‍ ഏറ്റെടുക്കാമെന്നും അറിയിച്ചിട്ടുള്ളതായും സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു. ചികില്‍സയില്‍ തുടരുന്ന അബു, ലളിത, ജോസൂട്ടി എന്നിവരെ രോഗം മാറുന്ന മുറക്ക് സര്‍ക്കാര്‍ വൃദ്ധസദനത്തിലും പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഭാര്യയും മക്കളുമുണ്ടായിട്ടും സംരക്ഷിക്കാന്‍ ആളില്ലാതെ കഴിയുന്ന കുമാരന്റെ കുടുംബത്തിനെതിരെ മാതാപിതാക്കളെയും മുര്‍ന്നപൗരന്‍മാരെയും സംരക്ഷിക്കുന്നതിന്നുള്ള നിയമപ്രകാരം വടകര ആര്‍ഡിഒകേസെടുത്ത് മകന്‍ പിതാവിനെ സംരക്ഷിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. ശേഷിക്കുന്ന നാലു പേര്‍ ടിബി ബാധിതരാണെന്നും ആശുപത്രിയില്‍ ചികില്‍സ തുടരേണ്ടതുണ്ടെന്നും ആശുപത്രി സൂപ്രണ്ട് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദീഖ് ചുണ്ടക്കാടന്‍, ബീച്ച് ആശുപത്രി സുപ്രണ്ട് ഉമര്‍ ഫാറൂഖ്, ഹോം ഓഫ് ലവ് ഓള്‍ഡേജ് ഹോം പ്രതിനിധികള്‍,അബു ഉനൈസ് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

RELATED STORIES

Share it
Top