സംരക്ഷിക്കപ്പെട്ടത് ക്വാറി ഉടമകളുടെ താല്‍പര്യം: പഴകുളം മധു

അടൂര്‍: സത്യസന്ധനും ജനകീയനുമായ ജില്ലാ ജിയോളജിസ്റ്റ് എന്‍ ആര്‍ കൃഷ്‌ണേന്ദുവിനെ സ്ഥലം മാറ്റിയത് എന്തിനാണെന്നും ആരുടെ സമ്മര്‍ദ്ദം മൂലമാണെന്നും സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് കെപിസിസി സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു.
സാമുഹിക പ്രതിബന്ധതയോട് പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥനെ ഒരുവര്‍ഷം പോലും ജോലി ചെയ്യാന്‍ അനുവദിക്കാതെ ക്വാറി ഉടമകളുടെ താല്‍പര്യത്തിന് വേണ്ടിയാണ് തെറിപ്പിച്ചിരിക്കുന്നത്. ജില്ലയിലെമ്പാടും നടക്കുന്ന അനധികൃത പാറ, മണ്ണ് ഖനനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, ന്യായമായ കാര്യങ്ങളില്‍ പാരിസ്ഥിതിക അനുമതി ലഭ്യമാക്കികൊടുക്കുകയും ചെയ്ത ജനകീയനും  അഴിമതി രഹിതനുമായിരുന്നു സ്ഥലം മാറ്റിയ ജിയോളജിസ്റ്റ്. സത്യസന്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലയില്‍ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും അതിന്റെ അവസാനത്തെ ഉദാഹരണമാണ് കൃഷ്‌ണേന്ദുവിന്റെ സ്ഥാനചലനമെന്നും പഴകുളം മധു പറഞ്ഞു.
സിപിഎം ഭരണത്തില്‍ പോലീസ്, ഉദ്യോഗസ്ഥ ഉന്നതരുടെ ഒത്താശയോടെ വ്യാപകമായ പാറ,മണ്ണ് ഖനനമാണ് നടക്കുന്നത്. സിപിഎം പ്രാദേശിക ഘടകങ്ങളാണ് ഈ നിയമവിരുദ്ധ മണ്ണ് ഖനനത്തിന് പിന്നില്‍. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പങ്കില്ലെങ്കില്‍ തെറ്റ് തിരുത്തി സത്യസന്ധനായ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദ് ചെയ്തു സിപിഎം നേതൃത്വം ആത്മാര്‍ത്ഥത തെളിയിക്കണമെന്നും മധു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top