സംയുക്ത സൈനികാഭ്യാസം ഉടന്‍ അവസാനിപ്പിക്കും

സോള്‍: കൊറിയന്‍ ഉപദ്വീപിലെ യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്ന പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാവുമെന്നു റിപോര്‍ട്ട്. ആണവ നിരായുധീകരണം എന്ന വാഗ്ദാനത്തില്‍ നിന്ന് ഉത്തര കൊറിയ പിന്‍മാറിയാല്‍ സൈനികാഭ്യാസം പുനരാരംഭിക്കും എന്ന ഉപാധിയോടെയായിരിക്കും പ്രഖ്യാപനമെന്നു ദക്ഷിണ കൊറിയയിലെ യുനാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മേഖലയില്‍ നടക്കുന്ന പ്രധാനപ്പെട്ട പരിശീലനങ്ങളെയായിരിക്കും ഇതില്‍ ഉള്‍പ്പെടുത്തുകയെന്നും പതിവായി നടക്കുന്ന പരിശീലനങ്ങള്‍ പ്രഖ്യാപനത്തിന്റെ പരിധിയില്‍ വരില്ലെന്നും ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മേഖലയിലെ സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുമെന്നു സിംഗപ്പൂരില്‍ നടന്ന കിം-ട്രംപ് ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് യുഎസ്, ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു. ഇതുസംബന്ധിച്ചു തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ദക്ഷിണ കൊറിയന്‍, യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതികരണം.  ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച ഇരു കൊറിയകളും സൈനികതല ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങളെ 40 കിലോമീറ്റര്‍ മാറ്റിസ്ഥാപിക്കാന്‍ ദക്ഷിണ കൊറിയന്‍ സൈനിക മേധാവി ഉത്തര കൊറിയന്‍ പ്രതിനിധിയോട് ആവശ്യപ്പെട്ടതായും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇത് പിന്നീട് ദക്ഷിണ കൊറിയന്‍ അധികൃതര്‍ നിഷേധിച്ചു. ഇരു കൊറിയന്‍ സൈനിക നേതൃത്വവും ഒരു പതിറ്റാണ്ടിനു ശേഷം നടത്തിയ ചര്‍ച്ചയില്‍ സംയുക്ത ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തെ യുഎസിന്റെ ദക്ഷിണ കൊറിയന്‍ പ്രതിനിധി അഡ്മിറല്‍ ഹാരി ഹാരിസ് സ്വാഗതം ചെയ്തു. 28500 യുഎസ് സൈനികരെയാണ് ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top