സംയുക്തപദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദേശം

കണ്ണൂര്‍: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2018-19 വാര്‍ഷിക പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി ചര്‍ച്ച ചെയ്തു. കരിവെള്ളൂര്‍-പെരളം, ചിറ്റാരിപ്പറമ്പ്, മാലൂര്‍, കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകളും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുമാണ് വാര്‍ഷിക പദ്ധതികള്‍ സമര്‍പ്പിച്ചത്.
പദ്ധതികള്‍ വിശദമായി പരിശോധിച്ച ആസൂത്രണ സമിതി, നിര്‍ബന്ധമായും ഏറ്റെടുക്കേണ്ട സംയുക്ത പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് സംയുക്ത പദ്ധതികള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം നല്‍കിയിട്ടുള്ളതായി യോഗം വിലയിരുത്തി.
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ നല്ല പരിഗണന നല്‍കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദേശം നല്‍കി. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അത് തടയാനുള്ള പ്രായോഗിക പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍, വനം വകുപ്പ്  ഉദ്യോഗസ്ഥര്‍, മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരാനും ഡിപിസി തീരുമാനിച്ചു. സമിതി അംഗങ്ങളായ ടി.ടി റംല, എം സുകുമാരന്‍, പി കെ ശ്യാമള, കെ ശോഭ, പി ജാനകി, പി ഗൗരി, സുമിത്ര ഭാസ്‌കരന്‍, ഡിപിഒ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top