സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാന്‍: സിറോ മലബാര്‍ സഭ

കൊച്ചി: ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന പീഡന ആരോപണത്തെക്കുറിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരത്തേ അറിവുണ്ടായിരുന്നിവെന്ന തരത്തില്‍ ഫോണ്‍ സംഭാഷണം ചിലര്‍ പ്രചരിപ്പിക്കുന്നതു തെറ്റിദ്ധാരണാജനകമാണെന്നു സിറോ മലബാര്‍ സഭാ കാര്യാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ചു നേരത്തേ തന്നെ പോലിസിനോടു വിശദീകരിച്ചിരുന്നു. സന്ന്യാസിനി സമൂഹത്തില്‍ തനിക്കു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണു കന്യാസ്ത്രീ ഫോണ്‍ സംഭാഷണത്തിലൂടെ കര്‍ദിനാളിനെ അറിയിച്ചത്. സന്ന്യാസിനി സമൂഹത്തിന്റെ കാര്യത്തില്‍ തനിക്ക് അധികാരമില്ലെന്നതിനാല്‍ വിഷയം അപ്പസ്‌തോലിക് നുണ്‍ഷ്യോയുടെയോ സിസിബിഐ പ്രസിഡന്റിന്റെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉപദേശിക്കുകയാണു കര്‍ദിനാള്‍ ചെയ്തത്.
തനിക്കു ലൈംഗിക പീഡനം നേരിടേണ്ടിവന്നെന്നു കന്യാസ്ത്രീ സംഭാഷണത്തിലെവിടെയും പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം പോലിസിനോടും പത്രക്കുറിപ്പിലൂടെയും നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി സഭയെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും സഭാകാര്യാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top