സംഘര്‍ഷത്തിന് ശ്രമിച്ച സംഘപരിവാരത്തിന് നാട്ടുകാര്‍ ഇരുട്ടടി നല്‍കി

മരട്: നെട്ടൂരില്‍ വര്‍ഗീയത ആളിക്കത്തിച്ച് സംഘര്‍ഷത്തിന് ശ്രമിച്ച സംഘപരിവാര സംഘടനകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി നെട്ടൂര്‍ നിവാസികള്‍. ഇന്നലെ വൈകീട്ട് ധന്യ ജങ്ഷനില്‍ ബിജെപി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം നീതി നടപ്പാക്കുക എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
എന്നാല്‍ ഐഎന്‍ടിയുസി മുതല്‍ വടക്ക് അറ്റം വരെ ആര്‍എസിഎസിന്റെ പരിപാടിയാണെന്ന നിലയില്‍ എങ്ങും കാവിക്കൊടി കെട്ടിരിക്കുകയായിരുന്നു. സംഘപരിവാര സംഘടനകള്‍ക്കെതിരേ നെട്ടൂരിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തുവന്നു. ഐഎന്‍ടിയുസി മുതല്‍ പരിപാടി നടന്ന ധന്യ ജങ്ഷന്‍ വരെയുള്ള എല്ലാ കടകളും അടച്ചിട്ട് കൊണ്ടാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം തീര്‍ത്തത്.
സംഘപരിവാര സംഘടനകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും യുവാക്കളുടെ പ്രതിഷേധം ഭയന്ന് അവരെ മാറ്റുകയായിരുന്നു.
സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കാത്തതും പങ്കാളിത്തം കുറഞ്ഞതും പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി. കടകളെല്ലാം അടച്ചതിനാല്‍ ഇരുട്ടത്ത് പരിപാടി നടത്തി പിരിയേണ്ട ഗതികേടിലായി. കശ്മീരിലെ കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ട് വയസ്സുകാരി ആസിഫയുടെ മരണത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ അപമാനിച്ചും ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് മരട് മണ്ഡലം കാര്യവാഹക് നെട്ടൂര്‍ സ്വദേശി വിഷ്ണു നന്ദകുമാറിനെ രക്ഷിക്കാനുള്ള ശ്രമവുമായി ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു ഉള്‍പ്പെടെയുള്ളവരെ നെട്ടൂരിലെത്തിച്ച് സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനായിരുന്നു ശ്രമം.
വിഷ്ണു നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും പെണ്‍കുട്ടിക്ക് നീതി ലഭ്യമാവണമെന്നാവശ്യപ്പെട്ടും വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും പ്രാദേശിക ക്ലബ്ബുകളും ഉള്‍പ്പെടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതില്‍ വിറളി പൂണ്ട് അതിനെ മറികടക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നെട്ടൂരിലെ സമാധാനാന്തരീക്ഷത്തില്‍ വിള്ളല്‍ വീഴ്ത്താനാണ് ആര്‍എസ്എസിന്റെ കീഴില്‍ ഇത്തരം പരിപാടിക്ക് ഒരുങ്ങിയത്.
വിഷ്ണുവിന്റെ പിതാവും ആര്‍എസ്എസിന് കീഴിലുള്ള, കുരുക്ഷേത്ര പബ്ലിക്കേഷന്‍സ് മാനേജരുമായ ഇ എന്‍ നന്ദകുമാറിന്റെ അവശ്യപ്രകാരമാണ് നെട്ടൂരില്‍ പരിപാടി നടത്തിയത്. പറവൂരില്‍ നടത്താനുദ്ദേശിച്ച പരിപാടി വിഷ്ണുവിന്റെ വിഷയവുമായി ബന്ധപ്പെട്ട് നെട്ടൂരിലേക്ക് മാറ്റി സംഘടിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം.

RELATED STORIES

Share it
Top