സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് വിശാല രാഷ്ട്രീയം ഹനിക്കപ്പെടുമ്പോഴെന്ന് മന്ത്രി

ചാവക്കാട്: വിശാല രാഷ്ട്രീയം ഹനിക്കപ്പെടുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കടപ്പുറം അടിതിരുത്തിയില്‍ ഗവ. ഫിഷ് ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാഷ്ട്രീയം എല്ലാവര്‍ക്കും വേണം. എന്നാല്‍, സങ്കുചിത രാഷ്ട്രീയം പാടില്ല മന്ത്രി പറഞ്ഞു. കടല്‍ക്ഷോഭം പിണറായി വിജയന്‍ കൊണ്ടുവന്നതല്ല.
വിശാലമായ താല്‍പ്പര്യമാണ് നമ്മെ നയിക്കേണ്ടതെന്നും നാടിന്റെ നന്മയില്‍ ഒന്നിക്കുകയെന്നതാണ് രാഷ്ട്രീയത്തിന്റെ അടിത്തറയെന്നും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച യുഡിഎഫ് തീരുമാനത്തെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ അനില്‍കുമാര്‍, എസ് വെങ്കിടേസപതി, കെ വി അഷറഫ്, നജീബ്, സി കെ രാധാകൃഷ്ണന്‍, പി എ സിദ്ദി സംസാരിച്ചു. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഫിഷ് ഫാം കെട്ടിടം നിര്‍മിച്ചത്. പ്രകൃതിദത്ത മല്‍സ്യവളര്‍ത്തുകേന്ദ്രത്തിന്റെ ഭാഗമായി ആധുനിക ഹാച്ചറിയുമുണ്ട്. കടപ്പുറം പഞ്ചായത്തിലെ കെട്ടുങ്ങല്‍ പ്രദേശത്തെ ബണ്ട് വികസിപ്പിച്ച് ചേറ്റുവ പുഴയോടുചേര്‍ന്നാണ് ഫാം നിര്‍മിച്ചിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി 3.3 കോടി രൂപ ചെലവഴിച്ചാണ് ഫാമിന്റെ നിര്‍മാണം. ഗവ. ഏജന്‍സിയായ അഡാക് ആണ് ഫാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. മല്‍സ്യകര്‍ഷകര്‍ക്കാവശ്യമായ വിവിധതരം മല്‍സ്യക്കുഞ്ഞുങ്ങളുടെ പ്രജനനവും വില്‍പ്പനയും മല്‍സ്യകൃഷി പരിശീലനവും ഇവിടെയുണ്ടാകും. ആവശ്യക്കാര്‍ക്ക്  മല്‍സ്യം വാങ്ങാനുള്ള സൗകര്യവും  മല്‍സ്യത്തീറ്റയും ലഭിക്കും. ചേറ്റുവ പുഴയോട് ചേര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലത്ത് കരിങ്കല്‍ ബണ്ട് നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തി, ഗതാഗതത്തിനുള്ള റോഡുകള്‍, പരിശീലനത്തിനും ജോലിക്കാര്‍ക്ക് താമസിക്കാനുമുള്ള കെട്ടിടങ്ങള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയോടുകൂടിയാണ് ഫാം നിര്‍മിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top