സംഘര്‍ഷം അയയാതെ കാസ്ഗഞ്ച്‌

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സംഘര്‍ഷമുണ്ടായ കാസ്ഗഞ്ചില്‍ ആരാധനാലയത്തിന്റെ കവാടം അഗ്നിക്കിരയാക്കിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരിയ അസ്വസ്ഥത നിലനില്‍ക്കുന്നതായി പോലിസ്. ആരാധനാലയത്തിനു സമീപം ഉടന്‍ പോലിസെത്തി തീയണച്ചതായും ക്രമസമാധാനം നിയന്ത്രിക്കാനായതായും ജില്ലാ പോലിസ് സൂപ്രണ്ട് പീയൂഷ് ശ്രീവാസ്തവ അറിയിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കാസ്ഗഞ്ചിലെ ഗഞ്ച്ദ്വാരയിലായിരുന്നു തീവയ്പ് നടന്നത്. എസ്പിയും ജില്ലാ മജിസ്‌ട്രേറ്റ് എസ്പി സിങും ഉടന്‍ സംഭവസ്ഥലത്തെത്തി. അതേസമയം സംഘര്‍ഷാവസ്ഥ തടയുന്നതില്‍ പരാജയപ്പെട്ടതിനു രണ്ടു പോലിസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഹരിശരണ്‍, നാഗേന്ദ്ര എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍. ഗഞ്ച്ദ്വാരയില്‍ പോലിസിനെയും യുപി പ്രൊവിന്‍ഷ്യന്‍ ആംഡ് കോണ്‍സ്റ്റബിലറി സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇത്തവണത്തെ റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണു കാസ്ഗഞ്ചിലെ സ്ഥിതിഗതികള്‍ മോശമായത്. അതേസമയം കാസ്ഗഞ്ച് ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതായി പോലിസ് പറയുന്നു. തന്‍വീര്‍ എന്ന മുനവറാണു ഡല്‍ഹിയിലെ ഓഖ്‌ല മന്ദിയില്‍ അറസ്റ്റിലായത്്. ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റെന്നും ഇയാളുടെ സഹായി രക്ഷപ്പെട്ടതായും പോലിസ് പറയുന്നു. ഓഖ്‌ല മന്ദിയില്‍ തന്‍വീര്‍ എത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസിനെ വിന്യസിച്ചിരുന്നു. തന്‍വീറും സഹായിയും സഞ്ചരിച്ച കാര്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് ഏതാനും തവണ വെടിവച്ചതായും രണ്ടു തവണ തന്‍വീറിനു വെടിയേറ്റതായും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം തന്‍വീറിനെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തര്‍ പ്രദേശിലെ ഒരു ഗുണ്ടാസംഗത്തില്‍ അംഗമാണ് തന്‍വീര്‍ എന്നും ഷാര്‍പ്പ് ഷൂട്ടറാണ് ഇയാളെന്നും പോലിസ് പറയുന്നു.

RELATED STORIES

Share it
Top