സംഘപരിവാറിനും മോദിസര്‍ക്കാരിനും താക്കീതായി ജിഗ്നേഷ് മേവാനിയുടെ ഹുങ്കാര്‍ റാലിന്യൂഡല്‍ഹി: സംഘപരിവാറിനും നരേന്ദ്ര മോദി സര്‍ക്കാരിനും താക്കീതായി ഡല്‍ഹിയില്‍ ജിഗ്‌നേഷ് മേവാനിയുടെ യുവ ഹുങ്കാര്‍ റാലി. ഒരു കൈയ്യില്‍ മനുസ്മൃതിയും മറു കൈയ്യില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി മേവാനിയുടെ നേതൃത്വത്തിലുള്ള പ്രകടനം. ഇവയില്‍ ഏതാണു മോദിയും ബിജെപിയും തെരഞ്ഞെടുക്കുന്നതെന്നു വ്യക്തമാക്കണമെന്ന് റാലിയില്‍ ജിഗ്‌നേഷ് ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന്റെ പേരില്‍ ദളിതരോടുള്ള പ്രതികാര നടപടികളിലാണ് ബിജെപിയും സര്‍ക്കാരും. ഹര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും ജിഗ്‌നേഷ് മേവാനിയും ബിജെപിയുടെ അപ്രമാദിത്തത്തെ തൂത്തെറിഞ്ഞു. അതു കൊണ്ടാണു ബിജെപി തങ്ങള്‍ക്കെതിരേ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നായിരുന്നു റാലിയില്‍ ഉയര്‍ന്ന പ്രധാന മുദ്രാവാക്യം. മഹാരാഷ്ട്രയിലെ ദലിതുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണം. ദളിതര്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി തന്നെയാണു മറുപടി നല്‍കേണ്ടത്. എന്തു കൊണ്ടാണു രോഹിത് വെമുല മരിച്ചതെന്നതിനും ഉത്തരം പറയണം. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ നില നില്‍ക്കുമ്പോഴും രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിലും പ്രധാനമന്ത്രി മറുപടി പറയണമെന്ന് ജിഗ്‌നേഷ് ആവശ്യപ്പെട്ടു.
തങ്ങള്‍ പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വാസികളാണ്. അതുകൊണ്ടു തന്നെ തങ്ങള്‍ ഫെബ്രുവരി 14ന് പ്രണയ ദിനം ആഘോഷിക്കും. അഴിമതിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള യഥാര്‍ഥ വിഷയങ്ങള്‍ മൂടിവെച്ച് ഘര്‍ വാപസിയും ലവ് ജിഹാദും പശു സംരക്ഷണവും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനാണു ശ്രമം. തന്നെ എത്ര തന്നെ ആക്രമിക്കാന്‍ ശ്രമിച്ചാലും ഭരണഘടനയിലുള്ള വിശ്വാസം കൈവിടില്ലെന്നും മേവാനി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്‌ല റാഷിദ്, ആസാമിലെ കര്‍ഷക നേതാവ് അഖില്‍ ഗോഗോയി എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയുടെ ശക്തി വൈവിധ്യം തന്നെയാണെന്നും തങ്ങള്‍ തെരഞ്ഞെടുക്കുന്നത് മതേതരത്വമാണെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. രാജ്യത്തെ ദളിതരും മുസ്ലിംകളും ആക്രമണങ്ങള്‍ നേരിടുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം ആയിരുന്നു ആക്രമിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ സംസ്‌കാരമാണ് ആക്രമിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു പുതിയ ബ്രാന്‍ഡ് വാഷിംഗ് മെഷീനാണ്. ചിലത് അകത്തേക്കു പോകുകയും അലക്കി വെളുപ്പിച്ച് പുറത്തേക്കു വരുകയും ചെയ്യുന്ന യന്ത്രമാണെന്നും കനയ്യകുമാര്‍ പരിഹസിച്ചു. ബിജെപിയുടെ 282 എംപിമാരില്‍ 109 പേരും കടുത്ത ക്രിമിനല്‍ കുറ്റാരോപിതരാണ്. ഞങ്ങള്‍ ഒരു മതത്തിനോ സമുദായത്തിനോ എതിരല്ല. ഭരണഘടനയ്ക്കു വേണ്ടിയാണു നിലകൊള്ളുന്നത്. ഞങ്ങളോടൊപ്പം ജനക്കൂട്ടങ്ങളില്ല. ജീവിക്കുന്ന ശ്വസിക്കുന്ന ജനങ്ങളാണുള്ളതെന്നും കനയ്യ കുമാര്‍ പറഞ്ഞു.
റാലിയിലൂടെ രാജ്യത്തെ യുവാക്കളുമായി നേരിട്ടു ബന്ധപ്പെടുകയാണു ലക്ഷ്യമെന്ന് വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദ് പറഞ്ഞു.
ബിജെപിക്കും സര്‍ക്കാരിനും ചന്ദ്രശേഖര്‍ ആസാദിനെ ഭയമാണെന്ന് ജെന്‍എയു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് പറഞ്ഞു. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമായി മാറ്റാന്‍ ശ്രമിക്കുന്നവര്‍ ദലിതര്‍ക്ക് ഇടം കൊടുക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഉമര്‍ ഖാലിദ് ചൂണ്ടിക്കാട്ടി.
റാലിക്ക് ആദ്യം ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ പോലീസിന് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടിവരികയായിരുന്നു. സമാധാനപരമായി പ്രകടനം നടത്താന്‍ സര്‍ക്കാര്‍ തങ്ങളെ അനുവദിക്കുന്നില്ല. ഒരു ജനപ്രതിനിധി കൂടിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും മേവാനി ചോദിച്ചു. 1500ല്‍ അധികം ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരാണ് റാലി നടന്ന പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിലയുറപ്പിച്ചിരുന്നത്. റാലിയെ നേരിടാന്‍ ജലപീരങ്കികളും സ്ഥാപിച്ചിരുന്നു.

RELATED STORIES

Share it
Top