സംഘപരിവാര ഭീഷണി; 'മീശ' നോവല്‍ പിന്‍വലിച്ചു

കോഴിക്കോട്: സംഘപരിവാര സംഘടനകളുടെ ആക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടര്‍ന്ന് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന 'മീശ' എന്ന നോവലാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവു കൂടിയായ എസ് ഹരീഷ് പിന്‍വലിച്ചത്.
നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സംഘപരിവാര പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ.
നോവലിന്റെ തുടര്‍ഭാഗങ്ങള്‍  ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കില്ല. എന്നാല്‍, എഴുത്ത് പൂര്‍ത്തിയായാല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. എഴുത്തുകാരനും അദ്ദേഹത്തിന്റെ ഭാര്യക്കുമടക്കം സൈബര്‍ ഇടങ്ങളിലും ഫോണിലും ഭീഷണികള്‍ ശക്തമായിരുന്നു. ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടിവന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജ് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും തുടര്‍ന്നു.
മലയാളത്തിലെ പുതുനിര എഴുത്തുകാരില്‍ ശ്രദ്ധേയമായ സ്ഥാനം കൈയാളുന്ന ഹരീഷ് നിരവധി പുരസ്‌കാരങ്ങളുടെയും ഉടമയാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ രണ്ട് അധ്യായങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചത്. ജാതിയെ അഭിസംബോധന ചെയ്യുന്നതാണ് നോവല്‍ എന്നതും സംഘപരിവാരത്തെ ചൊടിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

RELATED STORIES

Share it
Top