സംഘപരിവാര ഭീഷണിക്ക് മറുപടിയുമായി ദീപ നിശാന്ത്

തൃശൂര്‍: ക്ഷമ നശിച്ചെന്നും തനിക്ക് ദീപ നിശാന്തിന്റെ രക്തം വേണമെന്നുമുള്ള സംഘപരിവാര അനുകൂലികളുടെ ഫേസ്ബുക്ക് കമന്റിന് മറുപടിയുമായി കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ഒരു കൊതുകിന്റെ ചിത്രത്തിനു താഴെ, ഇത് ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരപൂര്‍വ ജീവിയാണെന്നും മനുഷ്യന്റെ രക്തമാണ് പഥ്യമെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ദീപ നിശാന്ത് തിരിച്ചടിച്ചത്. ദീപ നിശാന്തിന്റെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
രമേഷ് കുമാര്‍ എന്നയാളാണ് ദീപ നിശാന്തിന്റെ ചോര വേണമെന്നും തന്റെ ക്ഷമ നശിച്ചെന്നും കമന്റിട്ടത്. ഇതിനു താഴെ ബിജെപി കേരള ഐടി സെല്‍ തലവന്‍ ബിജു നായര്‍, ഞങ്ങള്‍ അതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടിയും കൊടുക്കുകയായിരുന്നു.
ജമ്മു-കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാരത്തിനെതിരേ ദീപ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരേ സിപിഎം അനുഭാവിയായ ദീപക് ശങ്കരനാരായണന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ദീപ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദീപയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാരം വലിയ തോതില്‍ ആക്രമണം അഴിച്ചുവിട്ടത്.

RELATED STORIES

Share it
Top