സംഘപരിവാര ഭീകരതയ്‌ക്കെതിരേ മതേതര ഇന്ത്യ : എസ് ഡിപിഐ പ്രതിഷേധസംഗമവും പ്രകടനവും ഇന്ന് കണ്ണൂരില്‍കണ്ണൂര്‍: ‘സംഘപരിവാര ഭീകരതയ്‌ക്കെതിരേ മതേതര ഇന്ത്യ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രകടനവും പ്രതിഷേധ സംഗമവും ഇന്ന് കണ്ണൂരില്‍ നടക്കും. വൈകീട്ട് നാലിന് സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രകടനം മുനീശ്വരന്‍കോവില്‍, പഴയ ബസ് സ്റ്റാന്റ് വഴി സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. പ്രകടനത്തിനു ജില്ലാ-മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പ്രതിഷേധസംഗമം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിക്കും.  സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി പി കെ ഫാറൂഖ്, പോപുലര്‍ ഫ്രണ്ട് ജില്ലാസെക്രട്ടറി സി എം നസീര്‍ സംസാരിക്കും.പശുവിന്റെ പേരിലുള്ള കൊലപാതകവും ആക്രമണവും രാജ്യത്ത് നിത്യസംഭവങ്ങളാവുകയും ദലിത്-മുസ്്‌ലിം വിഭാഗങ്ങളെ സംഘപരിവാരം കടന്നാക്രമണം നടത്തുകയും ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മൗനംപാലിക്കുന്നതിനെതിരേയാണ് എസ്ഡിപിഐ പ്രതിഷേധം. സംഘപരിവാരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാരെ വകവരുത്തുകയും ചെയ്യുമ്പോള്‍, രാജ്യത്തിന്റെ അസ്ഥിത്വം തിരിച്ചുപിടിക്കാന്‍ ഫാഷിസത്തിനെതിരേ പ്രതിരോധം തീര്‍ക്കുകയെന്നതാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളമണ്ണിലും ആര്‍എസ്എസ് തങ്ങളുടെ കലാപ അജണ്ടകള്‍ ആവര്‍ത്തിക്കാനുള്ള ശ്രമമാണ് കാസര്‍കോട്് പഴയ ചൂരി പള്ളിയിലെ റിയാസ് മൗലവി-കൊടിഞ്ഞി ഫൈസല്‍ കൊലപാതകങ്ങളിലൂടെ വെളിപ്പെടുന്നത്. ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തുകയാണു പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top